Saturday, November 22, 2014

ആഗ്ര കൊട്ടാരത്തിൽ കൊതുകം തോന്നിയ, ചിലത് കൂടി ..


കഴിഞ്ഞ കുറിപ്പിൽ പറഞ്ഞ മാർബിൾ ഗൃഹത്തിന് (ചക്രവർത്തിയെ തടവിൽ പാർപ്പിച്ചയിടം ) ഒരു പേരുണ്ട് -- മുസ്സമൻ ബുർജ്
മുസ്സമൻ ബുർജിനു അടുത്തായി രണ്ടു ഇരട്ട കൊട്ടാരങ്ങൾ കണ്ടു .. പല്ലക്കിന്റെ രൂപത്തിൽ, മേൽക്കൂരയിൽ സ്വർണം പതിച്ചിരുന്നു ഒരുകാലത്ത് .. അതൊക്കെ വെള്ളക്കാരൻ നാണമില്ലാതെ ചുരണ്ടി എടുത്തു കൊണ്ട് പോയി.
ഈ പല്ലക്ക് കൊട്ടാരത്തിന് പിന്നിലെ കഥ .. ശഹ്ജഹന്റെ രണ്ടു പെണ്മക്കളും അവിവാഹിതകൾ ആയിരുന്നു .. ജഹനാര ബീഗവും , രോഷനര ബീഗവും. അതിൽ ചക്രവര്തിയായ പിതാവിന് വളരെ ദുഃഖം ... അവർക്ക് താമസിക്കാൻ പണികഴിപ്പിച്ച ഈ പല്ലക്ക് കൊട്ടാരങ്ങൾ അച്ഛന്റെ ആഗ്രഹപ്രകാരം ആയിരുന്നു. വധുവായി പല്ലക്കിൽ പോകുന്ന മകളെ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയതിനു പകരം ആശ്വാസത്തിന് പല്ലക്കിന്റെ മാതൃകയിലെ വീടുകളിൽ അവർ വാഴുന്നത് കണ്ടു, സങ്കല്പ്പിച്ചു സമാധാനിക്കാൻ..
ഈ കഥയൊക്കെ കേട്ടപ്പോൾ മുതൽ മനസ്സിലെ സംശയം , എന്താ അവർ കല്യാണം കഴിക്കാത്തത്, എന്തായിരിക്കും അവരുടെ കല്യാണം നടക്കാത്തത്.. കുറച്ചു വായിച്ചു.. കാരണം ഇതാണ് - മുഗൾ രാജകുമാരിമാര്ക്ക് കുടുംബത്തിനകത്ത്‌ നിന്ന് മാത്രമേ വിവാഹം പാടുള്ളൂ എന്നൊരു നിയമം അന്ന് നിലവിൽ നിന്നിരുന്നു. (അക്ബറുടെ പ്രഥമ പതിനിയും റാണിയും ആയ രുകൈയ്യ മുറപെണ്ണ് തന്നെയായിരുന്നു.) പുറമേ നിന്നും ഒരു പുരുഷൻ വന്നു ഓൾറെഡി അധികാരത്തിനു പിടിവലി കൂട്ടുന്ന അച്ഛൻ-മകൻ- സഹോദരന്മാര്ക്ക് കൂടുതൽ ശല്യം ആകണ്ട എന്ന് കരുതിയാണ് അങ്ങനെ ഒരു ആചാരം. പോരാത്തതിന് കൊട്ടാരത്തിലെ പുരുഷന്മാര്ക്ക് ഹിന്ദു സ്ത്രീകളെ കല്യാണം കഴിക്കാം , പലപ്പോഴും രാഷ്രീയ കാരണങ്ങളാൽ അവർ രജപുത്ര കുമാരിമാരെ കല്യാണം കഴിച്ചിട്ടും ഉണ്ട്. എന്നാൽ തങ്ങളുടെ പെണ്മക്കളെ ഒരു ഹിന്ദുവിനു കല്യാണം കഴിച്ചു കൊടുത്തു അവൾ ഒരു ഹിന്ദുവായി മാറുന്നത് അവർ അനുവദിച്ചിരുന്നില്ല.
അപ്പോൾ പറഞ്ഞു വന്നത്, എന്ത് കൊണ്ട് നമ്മുടെ ഈ രാജകുമാരി/മാർ - Jahanara , Roshanara - വധുവായി പല്ലക്കിൽ ഇരുന്നു ഭർതൃ ഗൃഹത്തിലേക്ക് പോകാതെ , പല്ലക്ക് ഗൃഹങ്ങളിൽ തന്നെ താമസിച്ചു എന്നതാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. അന്ന് അവർക്ക് കല്യാണം കഴിക്കാൻ പറ്റിയ ഒരു പുരുഷനും കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല. എന്തേ കാരണം.. സഹോദരങ്ങളെയും അവരുടെ പുത്രന്മാരെയും ഒക്കെ കൊന്നു കൊണ്ടാണല്ലോ ഓരോ ചക്രവർത്തിയും കിരീടം ഉറപ്പിച്ചത്!
P.S: പഠിക്കുന്ന കാലത്ത് ചരിത്രം ഇഷ്ടമല്ലാതിരുന്ന ഞാൻ ഇപ്പോൾ 
P.P.S: ഞാൻ അച്ഛനും മമ്മിയ്ക്കും കത്തെഴുതാൻ തീരുമാനിച്ചു .. ഇവിടെ എഴുതിയതൊക്കെ ചിത്രങ്ങളോടൊപ്പം - ഓരോ പോസ്റ്റിനു ഓരോ പോസ്റ്റ്‌ കവർ എന്നാ കണക്കിൽ ഇനി വീട്ടിലേക്കു.. അവർക്ക് സന്തോഷമാകും..  
P.P.P.S: താജ്മഹൽ എന്നാ വാക്ക് പലവട്ടം എഴുതി പോയെങ്കിലും താജിൽ എത്തിയതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അത് കൂടി പറഞ്ഞിട്ട് വേണം രാജസ്ഥാനിലെ വർണക്കാഴ്ചകളിലേക്ക് .. 
സ്നേഹപൂർവ്വം,
-pygma-

Wednesday, November 19, 2014

കേട്ടതല്ല കണ്ടത് ..
പണ്ടെങ്ങോ സ്കൂളിൽ പഠിച്ച ഒരു ഓർമ .. Aurangazeb imprisoned his father Shahjahan inorder to sieze the throne ... ചരിത്രം ഇഷ്ടവിഷയം ആയിരുന്നില്ല , അതു കൊണ്ട് തന്നെ അതെ കുറിച്ച് അത്രയൊന്നും ശ്രദ്ധിച്ചതുമില്ല. പക്ഷെ ആ അശ്രദ്ധക്കിടയിലും കുരുന്നു മനസ്സുകളിൽ സ്കൂൾ പാഠങ്ങൾ അറിയാതെ കൊത്തി വെയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്.. എങ്ങനെയോ മനസ്സിൽ പതിഞ്ഞത് - A power crazy and cruel emperor who ruled his dynasty with an iron hand .. താജ്മഹൽ പണിത പാവം ഷാജഹാനെ കാരാഗൃഹത്തിൽ അടച്ചു .. സ്വയം രാജാവാകാൻ വേണ്ടി..
ഇതൊന്നും ഓർത്തുകൊണ്ടല്ല അക്ബർ- ജഹങ്കിർ - ഓറങ്കസേബ് വാണിരുന്ന ആഗ്ര കൊട്ടാരത്തിൽ കാഴ്ചകൾക്കായി കയറിയത്. പക്ഷെ കണ്ട കാഴ്ചകൾ ഓർമിപ്പിച്ചു കേട്ടതൊക്കെ പൂർണമായിരുന്നില്ല എന്ന്.
ഈ ചിത്രത്തിൽ കാണുന്ന പ്രൈവറ്റ് quarters ഇൽ ആയിരുന്നു ഷാജഹാൻ ചക്രവർത്തിയെ തടവിൽ പാർപ്പിച്ചത്‌. വെള്ള മാർബിളിൽ പണിത മനോഹര മന്ദിരം .. താജ്മഹൽ പണികഴിക്കും മുംബ് അതിന്റെ ഒരു "ഡ്രാഫ്റ്റ്‌" ആയി പണിതയിടം. ടാജിന്റെ അതേയ് മാർബിൾ പണി ആണ് ഇവിടെയും. പല വർണങ്ങളിലെ കല്ലുകളിൽ നിന്നും കൊത്തി ഉണ്ടാക്കിയ നേർത്ത പൂവിതളുകൾ, വെള്ള മാർബിളിൽ inlay വർക്ക്‌ ചെയ്തു മനോഹരമാക്കിയ ചിത്രപണികൾ . അതിശയത്തോടെയല്ലാതെ നോക്കി നില്ക്കാനാവില്ല.
തടവിൽ പാർപ്പിച്ചു എന്ന് വെച്ചാൽ വീട്ടുതടങ്കലിൽ എന്നർഥം.. എല്ലാ രാജകീയ സൌകര്യങ്ങളും നല്കി കൊണ്ട്. ബന്ധനം ബന്ധനം തന്നെ പാരിൽ എന്നത് മറക്കുന്നില്ല.. പക്ഷെ അന്ന് പതിമൂന്നാം വയസ്സിൽ കരുതിയത്‌ പോലെ കാരഗൃഹതിലുമല്ല.
ഈ മനോഹര ഗൃഹത്തിൽ നിന്നും കാണുന്നത് യമുനാ നദി കരയിലെ അതിശയ സൗധം. അതിമനോഹരം ആണ് ഇവിടം, സ്വര്ഗം ഒരുപക്ഷെ ഇങ്ങനെയായിരിക്കുമോ. (അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്‌. താജ് പണിതത് എന്തിനാണെന്നോ, മുംതാസ് സ്വർഗത്തിൽ ഒരുപക്ഷെ ഇതുപോലുള്ള ഒരു മന്ദിരത്തിൽ ആയിരിക്കാം ഇപ്പോൾ എന്ന് കരുതി, ആ ഭാവനയ്ക്കനുസരിച്ച് പണിതതാണ് താജ്.)
ഒരുകാലത്ത് വൃദ്ധനായ ഒരു ചക്രവർത്തി വാർധക്യം തള്ളി നീക്കിയ , തനിക്കു പ്രിയപ്പെട്ടവളെ ഓർമിച്ചു നിലാവുദിച്ച രാത്രികളിലും പുലർകാലതും ഒരുപക്ഷെ നോക്കി നിന്ന ഈ മാർബിൾ വരാന്ദയിലെ , കൈവരിയിൽ കുറെ തത്തകൾ .. അവയിൽ രണ്ടെണ്ണം എന്തോ പരസ്പരം പറയാതെ പറയുന്നത് പോലെ.
ഞങ്ങളുടെ ഗൈഡ് നവേദ് പറഞ്ഞു കേട്ടത് : ഷാജഹാൻ ചക്രവർത്തി തനിക്കു വേണ്ടി കറുത്ത മാർബിളിൽ താജ് പോലെ ഒരു മഹൽ പണിയാൻ ആഗ്രഹിച്ചിരുന്നു, അതിനുള്ള അടിത്തറ കെട്ടുകയും ചെയ്തു. ഈ അവസരത്തിൽ ആണത്രേ മകനായ ഓറങ്കസേബ് അച്ഛനെ ബന്ധനത്തിൽ ആക്കാൻ തീരുമാനിച്ചത്. പൊതു ഖജനാവ് ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നത് തടയാൻ. ( കറുത്ത മാർബിളിൽ പണിയാൻ ഉദ്ദേശിച്ച മഹലിന്റെ അടിത്തറ താജിൽ നിൽക്കുമ്പോൾ കാണാം കുറച്ചങ്ങു മാറി.)
ഈ കൊട്ടാരത്തിൽ കണ്ട കൌതുകം തോന്നിയ ഒരു കൂട്ടം കൂടി പറഞ്ഞോട്ടെ .. വേണ്ടെങ്കിൽ പറയണം 
-പിഗ്മ-

Tuesday, November 18, 2014

ചരിത്ര ജാലകങ്ങളിലൂടെ...

ചരിത്ര ജാലകങ്ങളിലൂടെ ..  പഴമയിലേക്കുള്ള ഭാവനാ പ്രയാണം ..
ഇത് ജൈപൂരിൽ നിന്നും ഒരു 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അമെർ കൊട്ടാരം .. ഈ ജനാലയിലൂടെ ആയിരുന്നത്രെ മഹാറാണി , യാത്ര കഴിഞ്ഞു മടങ്ങി എത്തുന്ന രാജാവിന്റെ കൊട്ടാര പ്രവേശം നോക്കി കണ്ടിരുന്നത്‌. താൻ കാണുന്നുണ്ടെന്ന് അറിയിക്കാൻ സ്നേഹപുഷ്പങ്ങൾ ഇത് വഴി ചൊരിയുമായിരുന്നത്രെ.
കഥകൾ കേട്ട് മത്ത് പിടിച്ച ഞാൻ, കണ്ട കാഴ്ചകളെക്കാൾ ഏറെ കാണാക്കാഴ്ചകൾ കണ്ടു എന്നതാണ് നേര്. റാണി നോക്കിയിരുന്ന പോലെ ഞാനും നോക്കി.. തണുത്ത കാറ്റ് മുഖത്തേയ്ക്കു .. സൂര്യൻ ജ്വലിച്ചു നില്ക്കുന്ന നേരം ആണെങ്കിൽ കൂടിയും .. ഇതേ കാറ്റ് തന്നെയാകുമോ അന്ന് കൊട്ടാരതളങ്ങളിൽ കടന്നു ചെന്ന് രഹസ്യങ്ങൾ ചോർത്തിയത്‌ .. എന്റെ കാതിൽ ഒന്ന് ഉരുവിട്ടുവോ ഒരു പാതി രഹസ്യം .. മറുപാതി സ്വപ്നവും..
ഈ വട്ടൊക്കെ കൂടെ ഉള്ളവർ അറിയാതെ അടക്കിയ ചിരിയുമായി വീണ്ടും കാഴ്ചകളിലേക്ക് .. പറയാം ..
സ്നേഹപൂർവ്വം ,
പിഗ്മ

ഷാജഹാൻ നോക്കി കണ്ട താജ്മഹൽ


വെയിൽ മങ്ങി തുടങ്ങിയ നേരത്താണ് ആഗ്ര ഫോർട്ട് കാണാൻ കയറിയത് . അടുത്ത പ്രഭാതം താജ്മഹൽ .. ആ ഒരു ത്രില്ലും മനസ്സിൽ ഉണ്ടായിരുന്നു . നവേദ് എന്ന് പേരുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ് ഗൈഡ്.
ചരിത്രം, കഥകൾ, എതിർകഥകൾ, ഉപകഥകൾ അങ്ങനെ പലതും ഉണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട് , കുറെ ഒക്കെ കേട്ടിട്ടുണ്ട് , അതിലേറെ വളരെയേറെ അറിയാത്തതും ഉണ്ട് എന്ന തോന്നലോടെ.. ഒരു സഞ്ചാരി എന്ന നിലയിൽ കണ്ണും മനവും കൊണ്ട് കാണാൻ ആയിരുന്നു എനിക്ക് കമ്പം. . അത് കൊണ്ട് തന്നെ ചരിത്രസത്യങ്ങൾ തലനാരിഴയ്ക്ക് കീറി ഗൌരവം കൊള്ളാതെ , അതിൽ അമർഷം കൊള്ളാതെ, പക്ഷം പിടിക്കാതെ ഒരു മായലോകതെന്ന പോലെ ഞാൻ..
ഭാഗ്യം കൊണ്ട് ഈയിടെ വായിച്ച ഒരു പുസ്തകം എന്റെ അനുഭവങ്ങൾക്ക് മറ്റു കൂട്ടി. സലിം രാജകുമാരന്റെയും മെഹ്രുന്നിസയുദെയും പ്രണയകഥ ഒരു ചരിത്ര നോവൽ.. ഇന്ദു സുന്ദരേശൻ എഴുതിയ 'Twentieth Wife' . ഏഴു വയസ്സ് മുതൽ പ്രിൻസ് സലിം നെ സ്നേഹിച്ചിരുന്ന മെഹർ ന്റെ കണ്ണുകളിലൂടെ ചരിത്രം വൃത്തിയായി പറഞ്ഞിരിക്കുന്ന ഒരു നല്ല പുസ്തകം. അക്ബറിന്റെ പ്രധാന ഭാര്യയും രാജ്ഞിയും ആയിരുന്ന രുഖ്‌ഖ്‌യ്യ യ്ക്ക് കൌതുകം തോന്നിയ ഒരു പെണ്‍കുട്ടി .. മെഹർ .. അങ്ങനെ കൊട്ടാര അന്തപ്പുരങ്ങളിൽ (zenana ) സ്വച്ചന്ദം വിഹരിചിരുന്നു. സലിമിനെ അവൾ ആദ്യമായി കാണുന്നത് സലിമിന്റെ ആദ്യ വിവാഹനാളിൽ ആണ്. അതിനും എത്രയോ മുമ്പേ അവൾ സലിമിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ കാവല്ക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ കൊട്ടാരത്തിൽ കറങ്ങി നടന്നു വഴി തെറ്റി എത്തിയതോ സലിം രാജകുമാരന്റെ quarters ഇൽ. അവിടെ വെള്ള വസ്ത്രം ധരിച്ചു പ്രാവുകള്ക്ക് തീറ്റി കൊടുക്കുന്ന സലിം. അവൾ ഒളിഞ്ഞു നിന്ന് കണ്ടു. സലിം മെഹറിനെ ആദ്യമായി കാണുന്നത് അന്തപ്പുരത്തിൽ വെച്ച് .. ഒരു ഉദ്യാനത്തിൽ ഏകാകിയായി ഇരിക്കുന്ന മെഹർ. അന്ന് മുതൽ സലിമിന്റെ ഹൃദയത്തിൽ മെഹർ കയറി പറ്റി. അന്ന് കൊട്ടാരത്തിൽ സ്ത്രീകൾക്ക് വേണ്ടി ഒരു bazaar വരുമായിരുന്നു .. Meena Bazaar. . അവിടെ വെച്ച് സലിമും മെഹറും തമ്മിൽ കണ്ട നിമിഷങ്ങൾ.. ഇതൊക്കെയും ഞാൻ ആഗ്ര കൊട്ടാരത്തിൽ വീണ്ടും കണ്ടു.. ഇവിടെയായ്യിരിക്കണം മെഹർ അന്ന് ഇരുന്നിട്ടുണ്ടാവുക, സലിം വരും എന്നറിയാതെ .. ഇത് വഴി ആണ് അവൾ ആ ശണ്ടനെ പേടിച്ചു അന്ന് ഓടി ഒളിച്ചത്.. സലിമിന്റെ ലൈബ്രറി കണ്ടപ്പോൾ ഒര്മിച്ചു മഹർ പുസ്തകം എടുത്തിരുന്നത് . Meena bazaar ഇവിടെ തന്നെ ആയിരുന്നിരിക്കണം എന്ന് മനസ്സിൽ ഓർത്തതും നവേദ് പറയുന്നു .. ഇത് പോലെ ഉള്ള ഒരു ഉദ്യാനത്തിൽ ആയിരുന്നു പേര് കേട്ട meena baazar .. ഇപ്പോൾ അതൊക്കെ അടച്ചിട്ടിരിക്കുകയാണ് .. പ്രവേശനം ഇല്ല . വായന ഒരു അനുഭവം aayi .. ഒരുപാട് തുള്ളിച്ചാടി മനസ്സ്.. ഭാവനയിലെ കഥാപാത്രങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെ നടക്കുമ്പോൾ കൌതുകം ..
പെട്ടെന്നാണ് ഈ ചെറുവാതിലുകൾക്ക് അടുത്തെത്തിയത്.. നവേദ് പറഞ്ഞു : ഷാജഹാൻ ഇവിടെ ഇരുന്നു താജ് മഹൽ നോക്കി കാണുമായിരുന്നു . പെട്ടെന്ന് മറ്റെല്ലാം മറന്നു ആ വാതില്ക്കലേക്ക് .. ചെറിയ മൂടല്മഞ്ഞിലൂടെ അതാ താജ്മഹൽ . എന്തിനെന്നറിയില്ല കണ്ണുകളിൽ ഒരൽപം നനവ്‌ പടർന്നു .. ആ ഒരു കാഴ്ച മനോഹരമായ ഒന്ന് .. ഞാൻ മനസ്സിലേക്ക് ശ്വസിച്ചു കയറ്റി, കണ്ണുകൾ അടച്ചു കൊണ്ട്..
പറയാൻ ഇനിയും കഥകൾ ..