ജോലി സ്ഥലത്ത് ന്നിന്നും അഞ്ചു മിനിറ്റ് നടക്കുന്ന ദൂരത്തിൽ ആണ് വീട്. എന്നും ഏകദേശം ഒരേ സമയം ഒരേ വഴിയിലൂടെ ഉള്ള നടത്തം. കഴിഞ്ഞ പത്തു വര്ഷമായി ഇങ്ങനെ. പക്ഷെ ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്കു നടക്കുന്നേരം രസകരമായ ഒന്ന് കണ്ടു. ഒരു ആറുവയസ്സുകാരൻ ഒരു കാറിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നു. പെട്ടെന്ന് അവൻ ഓടി അവന്റെ ആയ എന്ന് തോന്നിക്കുന്ന ഒരു പെണ്ണിന്റെ പുറത്തേയ്ക്ക് ചാടി കയറുന്നു, രണ്ടാളും ചിരിക്കുന്നു ഹൃദ്യമായി ഏറ്റവും ആത്മാർഥമായി. അവൾ അവനെ എടുത്തു വട്ടം ചുറ്റുന്നു . ആ പെണ്ണിന് ഏറിയാൽ ഒരു ഇരുപത്തഞ്ചു വയസ്സ് തോന്നിക്കും. കൊലുന്നനെ നല്ല നീളമുള്ള ഒരുവൾ. കാപ്പിരി തലമുടിയും കറുപ്പുനിറവും.. തിളങ്ങുന്ന കണ്ണുകൾ, ചിരിക്കുന്ന മുഖം ,, സന്തോഷം തുടിക്കുന്ന ഭാവം. എന്തോ ആ ചിരിയും കണ്ണുകളും എന്റെ ഹൃദയത്തിൽ തടഞ്ഞു.
ഇന്ന് ആ വഴി വരുന്നേരം ഞാൻ അവരെ മറന്നു കഴിഞ്ഞിരുന്നു. അപ്പോൾ അതാ ആ കുട്ടി കാറിനു പിന്നിൽ , കള്ളച്ചിരിയോടെ. അവന്റെ മുഖത്തെ ആ നിഷ്കളങ്കത എന്നെ വളരെ സന്തോഷിപ്പിച്ചു. "ആർ യു ഹൈടിംഗ്" എന്നഎന്റെ രഹസ്യം ചോദിക്കലിന്, "യാ " എന്ന് അടക്കിയ ശബ്ദത്തിൽ പറഞ്ഞിട്ട് ചിരിയടക്കി ആ കുസൃതികുടുക്ക പമ്മി ഇരുന്നു. അവളെവിടെ എന്ന് എന്റെ കണ്ണുകൾ പരതും മുമ്പേ എനിക്ക് മുന്നിൽ അവൾ. കുട്ടിയുടെ തറയിൽ കിടന്ന ബാഗ് എടുത്തു സ്വന്തം ചുമലിൽ ഇട്ട ശേഷം ചിരിയോടെ എന്റെ മുഖത്തേയ്ക്കു നോക്കി. അവൻ അവിടെയുണ്ട് എന്ന് ഞാൻ കണ്ണാൽ പറഞ്ഞപ്പോൾ ഒന്നുകൂടെ ആ കണ്ണുകൾ തിളങ്ങി. തെളിഞ്ഞ മുഖത്തോടെ , ഹൃദയത്തിൽ നിന്നും നുരഞ്ഞു പൊങ്ങുന്ന ഒരു ചിരിയോടെ അവൾ നേരെ എതിർ വശത്തേയ്ക്ക് തിരിഞ്ഞു അവനെ ഉറക്കെ പേര് ചൊല്ലി വിളിച്ചു തിരയാൻ തുടങ്ങി. സ്നേഹം തുളുമ്പുന്ന അവളുടെ കണ്ണുകളിൽ മാതൃത്വതിലും മീതെ എന്തോ ഞാൻ കണ്ട പോലെ.
ഒളിച്ചിരുന്ന കുട്ടി അതാ ഓടി വന്നു അവളുടെ പുറത്തേയ്ക്ക് ചാടി കയറി , അവൾ ആ കുട്ടിയേയും കൊണ്ടു വട്ടം ചുറ്റുന്നതു ഒന്നുകൂടെ തിരിഞ്ഞു നോക്കി കൊണ്ടു ഞാൻ നടന്നകന്നു.
വീടെത്തിയിട്ടും ഇവർ രണ്ടുപേരും എന്റെ മനസ്സിൽ ഒളിച്ചു കളിക്കുന്നു .. എന്താകും അവരുടെ സ്നേഹബന്ധം വർഷങ്ങൾക്കപ്പുറം എന്ന ചിന്തയും .. വേരറ്റു പോയേക്കാം .. ചിലര്ക്ക് അവരുടെ ജോലിയ്ക്കുള്ള കൂലിയ്ക്കു മീതെ കൊടുക്കാൻ ഇന്ന് ഈ ലോകത്തിനു ഇടമില്ല ..
എൻ . എൻ . കക്കാട് ന്റെ വരികൾക്കൊപ്പം ഒരു നോവ് മനസ്സിൽ, എന്തിനെന്നറിയാതെ ..
"കാലമിനിയുമുരുളും
വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം"
വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം"
സ്നേഹപൂർവ്വം ,
പിഗ്മ
പിഗ്മ
No comments:
Post a Comment