ആഗ്ര വഴി രാജസ്ഥാനിൽ പോയി വന്നിട്ട് ഒരു വർഷത്തോളം ആകുന്നു. കുറച്ചു ആഗ്ര വിശേഷങ്ങൾ അന്നിവിടെ പങ്കിട്ടിരുന്നു. യാത്ര വിശേഷം മുഴുമിപ്പിക്കതെ മടിപിടിച്ചിരുന്നു എങ്കിലുംമനസ്സിൽ പലപ്പോഴും തോന്നിയിരുന്നു , കണ്ടതും സങ്കല്പ്പിച്ചുക്കൂട്ടിയതുമായ യാത്ര അനുഭവം അക്ഷരത്തിൽ കോർത്തിടണം എന്ന് . ഇപ്പോൾ അതിനു നിമിത്തമായത് നിഷയും മറ്റൊരു സുഹൃത്തും കഴിഞ്ഞ ആഴ്ചയിൽ പോസ്റ്റ് ചെയ്ത ഒട്ടേറെ ചിത്രങ്ങൾ. ചിലതൊക്കെ കുറിച്ചോട്ടെ..
ആഗ്രയും ഫതെഹ്പുർ സിഖ്രിയും ഒക്കെ കണ്ടു കഴിഞ്ഞാണ് ജയ്പുറിലേക്ക് തിരിക്കുന്നത്. ഇടയ്ക്ക് ഒരു ദിവസം ഭരത്പൂർ നാഷണൽ പാർക്കിലും തങ്ങിയിരുന്നു. യാത്രക്കിടയിൽ റിലാക്സ് ചെയ്യാൻ പറ്റിയ ഇടത്താവളം ആണ് ഈ Keoladeo നാഷണൽ പാർക്ക്. . പക്ഷിസ്നേഹികൾക്കും ഫോട്ടോഗ്രഫി പ്രിയമുള്ള വർക്കും ചാകര ആണ് ഇവിടം . 400 ലധികം ഇനം പക്ഷികൾ ഉണ്ടെന്നു കേട്ടു .. കുറെ ഒക്കെ കണ്ടു .. ഭരത്പുർ അനുഭവം പിന്നീടൊരിക്കൽ എഴുതാം.. ഇപ്പൊ മനസ്സ് കുതിക്കുന്നു ജയ്പുറിലേക്ക് .. അമർ കൊട്ടാരത്തിലേക്ക് .. ഇംഗ്ലീഷിൽ Amber Fort എന്ന ബോർഡ് കണ്ടു , കയറുമ്പോൾ തന്നെ. പക്ഷെ ഗൈഡ്, "അമർ" എന്നാണു പറഞ്ഞത് .. അന്വേഷിച്ചപ്പോൾ അങ്ങനെയാണ് ഉച്ചാരണം എന്നറിഞ്ഞു.
ടാജ്മാഹൽ ഒന്നുമല്ല എന്ന് തോന്നിയിരുന്നു എനിക്ക് ആഗ്ര കൊട്ടാരം കണ്ടു നടക്കുമ്പോൾ. ഒരുപക്ഷെ മാർബിൾ ചിത്രകലയെക്കൾ ഏറെ എന്നെ ആകർഷിച്ചത് അവിടെ ഞാൻ നെയ്തെടുത്ത പോയ്‌മറഞ്ഞ ജീവിതങ്ങൾ ആയിരുന്നു. എന്നിരുന്നാലും വളരെ നെഗറ്റിവിറ്റി തോന്നി ആഗ്ര കൊട്ടാരത്തിലും പ്രത്യേകിച്ച് ഫതെഹ്പുർ സിഖ്രി യിലും..
അതൊക്കെ മാറിയത് അമർ കൊട്ടാരത്തിലാണ്. എന്തോ എനിക്കിവിടമാകെ ഒരു അതിശയമായി തോന്നി.. മനസ്സിൽ അകാരണമായി സന്തോഷം നിറഞ്ഞു . കൊട്ടാരത്തിലേക്ക് കയറുന്നിടത്ത് തന്നെ ശിലാ ദേവിയുടെ അമ്പലം ഉണ്ട്. തൊഴുതു കുങ്കുമം തൊടുമ്പോൾ വല്ലാത്ത പോസിറ്റീവ് എനർജി വന്നു നിറയും പോലെ ... ചരിത്രപരമായ വിവരണങ്ങൾ ഗൈഡ് നല്കി കൊണ്ടേ ഇരുന്നു.. പ്രായമായ ഒരാളാണ്.. അത് കൊണ്ട് തന്നെ ചരിത്രമൊക്കെ ആവേശത്തോടെ , പഴയ ഒരു പ്രജയുടെ കോരിത്തരിപ്പോടെ, കാവ്യത്മകതയോടെ പറഞ്ഞു തന്നു.അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു. ഒന്നും കുറിച്ച് വെയ്ക്കുന്ന പതിവില്ലാത്തത് കൊണ്ട് പല പേരുകളും മറന്നു .. ഇനി യാത്രകൾക്കിടയിൽ കുറിപ്പുകൾ എഴുതണം.. നാവിൻ തുമ്പത്ത് വന്നിട്ടും വരാതെ നില്ക്കുന്ന കൊതിപ്പിക്കുന്ന പേരുകൾ പലതും ഉണ്ട്.. അതിലൊന്നാണ് കൊട്ടാരത്തിലെ ഒരു മഹാറാണിയുടേത് . അവർ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുമായിരുന്നു.. റാണി ഭാരമേറിയ ഘാഗ്ര (പാവാട ) അല്പ്പം ഉയർത്തി പിടിച്ചു നടക്കുന്ന കാഴ്ച മനസ്സിൽ കോറിയിട്ടു. ഈ ഭാരമൊക്കെ പേറി കൊട്ടരമാകെ ചുറ്റി നടന്നു കാര്യങ്ങൾ നോക്കിനടത്താൻ ബുദ്ധിമുട്ടായത് കൊണ്ട് അവർക്ക് കൊട്ടാരത്തിനുള്ളിൽ സഞ്ചരിക്കാൻ ഒരു രഥം ഉണ്ടായിരുന്നു, വലിയ്ക്കാൻ തോഴിമാരും.. ഈ രഥത്തിന് സഞ്ചരിക്കാൻ speedbreakers നിരത്തിയത് പോലെ തോന്നിക്കുന്ന ഇടന്നാഴിയും.. കൊട്ടാരമാകെ കടന്നു പോകുന്ന ഇടനാഴി . അവർ സഞ്ചരിച്ചിരുന്ന ആ രഥം കണ്ണാടി വാതിലിനുള്ളിൽ വെച്ചിരിക്കുന്നത് കണ്ടു. മനസ്സിൽ ഓർത്തു ആ തോഴിയുടെ കഷ്ടം .. എപ്പോഴും തിളക്കങ്ങൾക്കിടയിൽ വിയർപ്പുമണികളും കണ്ണുനീരും ഉണ്ടാകും അന്നും ഇന്നും.
കൊട്ടാര വഴികളിലൊക്കെ ചുവരിൽ വിളക്ക് വെയ്ക്കാനുള്ള നിശ്ചിത ഇടം കണ്ടു.. നമ്മുടെ ഇലക്ട്രിക് ലാമ്പ് പോലെ .
കൊട്ടാര വഴികളിലൊക്കെ ചുവരിൽ വിളക്ക് വെയ്ക്കാനുള്ള നിശ്ചിത ഇടം കണ്ടു.. നമ്മുടെ ഇലക്ട്രിക് ലാമ്പ് പോലെ .
എങ്ങനെ ഈ കൊട്ടാരത്തിനകത്ത് വഴി തെറ്റാതെ ആളുകള് ജീവിച്ചിരുന്നു എന്ന് അതിശയം തോന്നും.. ഇടുങ്ങിയ കോണിപടികളും, നടപ്പാതകളും, പല നിലകളിലായി മട്ടുപ്പാവുകളും അങ്കണങ്ങളും അറകളും ... ഒരു വിസ്മയ ലോകം തന്നെയാണ് ഈ കോട്ട. ഏതോ പെണ്‍കുട്ടികൾ ഉണ്ടായിരുന്നിരിക്കില്ലേ ആരുടേയും കണ്ണിൽ പെടാതെ ഓരോ വഴിപ്പാതയും ഗോവണികളും ഇരുണ്ട ഇടങ്ങളും ഹൃദി സ്തമാക്കിയവർ. അവരുടെതായ കളിയിടങ്ങൾ കണ്ടെത്തിയവർ.. ബാല്യങ്ങൾ യൌവനങ്ങൾ പ്രണയങ്ങൾ പ്രണയഭംഗങ്ങൾ.. എന്തോക്കെയാകും ഇവിടെ നടന്നിട്ടുണ്ടാകുക എന്നൊക്കെ സ്വപ്നം കാണുന്നതിനിടയിൽ ഗൈഡ് അമ്മാവൻ ചരിത്രം വിവരിച്ചു കൊണ്ടേയിരുന്നു. മഹാരാജാവിനു - മാന്സിങിനും പിന്നീട് വന്ന ജയ്സിംഗ് തുടങ്ങിയവര്ക്കൊക്കെ പല ഭാര്യമാർ ഉണ്ടായിരുന്നല്ലോ. റാണിമാരുടെ മേല്ക്കൂരയില്ലാത്ത കുളിഅറകൾ തുറന്ന അങ്കണങ്ങളിൽ ആണ് സ്ഥിതി ചെയ്യുന്നത്... മുകളിലൊരു വരാന്തയിലൂടെ രാജാവിനു കുളി കണ്ടു നടക്കാം .. രാജാവിനു മാത്രമേ അത് നോക്കാൻ അധികാരമുള്ളൂ.. മറ്റെത്രയോ ഭടന്മാർ നോക്കി വശം കേട്ടിട്ടുണ്ടാകണം. ചിരി അടക്കി ഞാൻ വീണ്ടും നടന്നു. നാല് റാണിമാർക്ക് നാല് മുറികൾ , ഓരോന്നിന്റെയും ചിത്രപണികൾ, പ്രത്യേകിച്ച് മേല്ക്കൂരയിലെ ചിത്രങ്ങൾ ഒന്നിനൊന്നു മികച്ചത്. അന്തപ്പുരങ്ങൾ കണ്ടു ഇറങ്ങവേ ഒരു സംശയം, കുളിയിടങ്ങൾ കണ്ടു, അപ്പോൾ എവിടെയാകും റ്റൊയിലെറ്റ് , ചോദിക്കേണ്ട താമസം അതും ഗൈഡ് കാട്ടി തന്നു.. ഒരു മുറിയിൽ തന്നെ നിര നിരയായി പല "ക്ലോസെറ്റുകൾ". ഒന്ന് അത്യാവശ്യമായി പോകുമ്പോൾ കൂട്ടുകാരെ ഒരു കമ്പനിക്ക് പോരുന്നോ എന്ന് വിളിക്കുന്ന എർപ്പാടാണോ എന്നോർത്ത് മനസ്സില് പല സാദ്ധ്യതകൾ ഗണിക്കുകയും ഗുണിക്കുകയും ചെയ്തു എന്നത് സത്യം.
കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് രാജാവിന് മാറി മാറി താമസിക്കാൻ മൂന്നു മന്ദിരങ്ങൾ ഇവിടെ കണ്ടു. വേനലും ശീതവും അതി കഠിനം ആണല്ലോ അവിടെ. വേനലിൽ താമസിക്കാൻ മേൽക്കൂരയിൽ ജലസംഭരണിയിൽ നിന്നും പ്രത്യേക പൈപ്പ് മാർഗം ac effect കിട്ടുന്ന ഒരു രാജമന്ദിരം. ശീതകാലത്താകട്ടെ ശീഷ്മഹൽ (കണ്ണാടി കൊട്ടാരം) - ചെറു കണ്ണാടി തുണ്ടുകൾ കൊണ്ട് നിർമിച്ച അതിമനോഹരമായ ഗൃഹം. നെയ്‌വിളക്ക് കത്തിച്ചു വയ്ക്കുമായിരുന്നു കൊട്ടാര വരാന്തയിൽ, സന്ധ്യാ നേരത്ത്. ആ വിളക്കുകൾ പതിനായിരമായി ലക്ഷമായി കണ്ണാടികഷ്ണങ്ങളിൽ പ്രതിഫലിക്കുകയും അണ്ടകടാഹത്തിലെ നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെ ശീഷ്മഹലിൽ സമ്മേളിക്കുന്ന അത്ഭുത പ്രതീതി അകക്കണ്ണിൽ കണ്ടും ഒപ്പം ഈ ദീപ പ്രപഞ്ചം സൃഷിടിക്കുന്ന നെയ്‌വിളക്കുകളും കണ്ണാടി തുണ്ടുകളും ചേർന്ന് പരത്തുന്ന ഇളംചൂട് കൊണ്ടും , ആ സ്വപ്നകാഴ്ച യിലൂടെ കടന്നു ഞങ്ങൾ മൂന്നാം മന്ദിരത്തിലേക്ക് .. എനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് ഇവിടെ കണ്ടു... മഴവെള്ളം സംഭരിക്കാൻ പാകത്തിനുള്ള മഴക്കാല വസതി. തുറന്ന വാതിലുകളുള്ള ഒരു മുറിയുടെ ഉള്ളിലെ ചുമരിനോട് ചേർന്ന്..ഒരു അരിപ്പ പോലെ കണ്ണറകൾ ഉള്ള ഒരു ചരിഞ്ഞ മാർബിൾ. വെളിയിൽ സംഭരിക്കുന്ന മഴവെള്ളം ഈ അരിപ്പയിലൂടെ മുറിക്കുള്ളിലേക്ക കാറ്റത്തു വെള്ളത്തുള്ളികൾ spray ചെയ്തു വീഴും. അത് പോലെ തന്നെ മഴവെള്ളം മുറിയുടെ ഒത്ത നടുവിലൂടെ ഒരു നീർ ചാലായി ഒഴുകി പുറത്തെ പൂന്തോട്ടത്തിലേക്ക് പോകും വഴിയുള്ള വരാന്തയിൽ ഒരു ഊഞ്ഞാലിൽ മഹാറാണി ഇരിക്കും, തോഴിമാർ ആ ഊഞ്ഞാൽ മെല്ലെ ആട്ടും.. അപ്പോൾ മനോഹരമായ പാദങ്ങൾ കൊണ്ട് റാണി പയ്യെ ഒഴുകി പോകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഊഞ്ഞാൽ ആടും..
ഒരു കവിത പോലെ മനോഹരം .. മനസ്സിൽ ആണ് ഇതൊക്കെയും കണ്ടത്.. ചരിത്രപരമായ സൂക്ഷ്മതയൊന്നും ഞാൻ ഉറപ്പു പറയുന്നില്ല.. കാണുന്നത് കണ്ണ് കൊണ്ട് മാത്രം ആകണം എന്നില്ലല്ലോ ..
No comments:
Post a Comment