Monday, October 20, 2014

പാടാത്ത പിഗ്മയും പാടും ..


എനിക്ക് പാടാൻ അറിയില്ല ... എന്നാലും ഞാൻ പാടും എനിക്ക് വേണ്ടി.. ഒറ്റയ്ക്കാവുമ്പോൾ ഉറക്കെ പാടും .. ചിലപ്പോൾ റെക്കോർഡ്‌ ചെയ്തു അത് സ്വയം കേട്ട് രസിക്കും .. ആരാ ഇപ്പൊ ചോദിക്കാൻ... എന്റെ ശബ്ദം, എന്റെ റെക്കോർഡ്‌, എന്റെ ചെവി .. ഞാൻ പാടും.. അത്ര തന്നെ..
I believe music is a therapy , as long as you sing for yourself ! സംഗതി ഒക്കെ തെറ്റിക്കൊട്ടെ .. Just dont care.. its all about living for yourself and listening to yourself !
പക്ഷെ മറ്റൊരാൾ കേൾക്കെ പാടാൻ വല്ലാത്ത മടിയാണ്, അതൊരു അന്ത്യക്ഷരി കളി ആണെങ്കിൽ കൂടി ഞാൻ പിൻവലിയും. എന്നാൽ ഈ ജാള്യത ഒക്കെ മറന്നു ആരു കേൾക്കുന്നു എന്ന് തീരെ ഗൌനിക്കാതെ ഞാൻ പാടിയിട്ടുണ്ട് .. അതൊക്കെയും താരാട്ട് പാട്ടായിരുന്നു .. ആദിയ്ക്കു വേണ്ടി .. അല്ല എനിക്ക് വേണ്ടി.. ചില്ലറ താരാട്ടൊന്നുമല്ല.. കൂടിയ ഇനവും തട്ടി വിടുമായിരുന്നു .. ഞാൻ അത് ഏറെ ആസ്വദിക്കുകയും ചെയ്തു ..
ഓർക്കുക : താരാട്ട് ഒരമ്മയുടെ അവകാശമാണ് .. അവിടെ നിരൂപകർ ഇല്ല.. ഈ അവകാശം ഒരമ്മയും വിട്ടുകൊടുക്കരുത്
ദിവസങ്ങൾ മാത്രം പ്രായമുള്ള ആദിയെ നെഞ്ചിൽ കിടത്തി ഇത് പാടുന്നത് ഓർക്കുമ്പോൾ തന്നെ സുഖം ..
~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുംബം
കല്കണ്ട കുന്നൊന്നു കാണായ്‌വരും
കല്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തംബ്രാന്റെ കോലോം കാണാം
ആ കൊലോതെതുമ്പോൾ അവിടം
എന്തൊരു രസമെന്നൊ
പാൽക്കാവടിയുണ്ട്‌ അരികെ പായസപുഴയുണ്ട്
അവിടെ കാത്തുകാത്തോരമമയിരിപ്പുണ്ട്
ചാഞ്ചാടിയാടി ഉറങ്ങു നീ ~~ ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശതൂഞ്ഞാലാട് നീ ~~ കാണാക്കിനാകണ്ടുറങ്ങു നീ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാൽകഷണം: ഇപ്പോൾ അവൻ എന്നെ തീരെ പാടാൻ അനുവദിക്കാറില്ല. അവന്റെ പ്രിയപ്പെട്ട ചില താരാട്ട് കവിതകൾ ഒഴിച്ചൊന്നും തന്നെ .. ചിലപ്പോൾ അവൻ പറയും : "അമ്മാ ഈ പാട്ട് പ്ലീസ് അമ്മ പാടല്ലേ.. അതെന്റെ favourite പാട്ടാണ്"
ങ്ഹാ അവനെങ്കിലും വാസന കിട്ടിയല്ലോ !

ദന്ദെലി

സ്ഥലം - കർണാടകയിലെ ദന്ദെലി..

വനം ആണ് അരികിൽ.. അവിടെ ഒരു പാട വരമ്പത്ത് ഒരു കൊച്ചു ഒരുമുറി കൂര. തണു തണുത്ത അത്ര മിനുസമില്ലാത്ത സിമന്റ്‌ തറ.. ഒരു കുളിമുറിയും അത്യാവശ്യം സൌകര്യങ്ങളും .. എല്ലാം പഴഞ്ചൻ തന്നെ. ചെറിയ ഒരു വരാന്തയുണ്ട് ഭംഗിയുള്ള കൈവരിയുമായി .. ചിത്രപണികൾ കൊണ്ട് ഭംഗിപ്പെടുത്തിയിരിക്കുന്നു കൈവരിയും ജനലും വാതിലും .. തൊടിയിൽ നിറയെ കൃഷ്ണ തുളസി .. അടുത്ത് തന്നെ ഒരു കിണറും .. കണ്ണെത്തും ദൂരത്തു കൊയ്ത്തു കഴിഞ്ഞ പാടം മാത്രം ..
എന്നെ ഏറ്റവും ആകർഷിച്ചത് കിളിവാതിൽ പോലുള്ള ജനലുകൾ ആണ്.. തടിയിലെ ജനൽ ചാരികൾ കണ്ടപ്പോൾ പണ്ട് അച്ഛമ്മയുടെ വീട്ടിലെ പൊക്കം കുറഞ്ഞ ചതുര ജനലുകൾ ഓർമയിലെത്തി.. അതിലൂടെ കാണുന്ന ലവലോലിക്ക മരവും, തൊഴുത്തും ..
തണുപ്പുള്ള രാത്രി, ചീവീടുകളുടെ ശബ്ദവും.. എവിടെയാണ് ഞാൻ എന്ന് എനിക്ക് തന്നെ അതിശയം തോന്നി.. എവിടെയോ ചെന്ന് പെട്ടത് പോലെ.. സുഖമുള്ള ഉറക്കം ഉണർന്നു നോക്കുമ്പോൾ കണ്ടത് മനോഹരം -- ഇരുട്ട് മുറിയിലേക്ക് ഒരു ചതുര കഷണം ആകാശം. അപ്പോൾ തന്നെ കിടക്കയിൽ നിന്ന് എത്തി ക്യാമറ എടുത്തു ആ ചിത്രം പകർത്തി. അതും ഇവിടെ ചേർക്കുന്നു. പിന്നീട്, പാടത്തെ വയ്ക്കോൽ കൂനയും, ഏറുമാടവും , എരുമകളും, മൂടൽ മഞ്ഞും കണ്ടിരുന്നു ചൂട് ചായ ചെറിയ സ്റ്റീൽ ഗ്ലാസിൽ ഊതി ആറ്റി കുടിക്കുമ്പോൾ .. ജീവിതത്തിന്റെ നെട്ടോട്ടം ഒക്കെ അങ്ങ് മറന്നു പോയി.

വായന

വായന എന്ന് വെച്ചാൽ , എനിക്ക് ഒരു കിടക്കയും, തലയണയും.. ഒപ്പം പുസ്തകവും. പണ്ടൊക്കെ കിണ്ണത്തിൽ കൊറിക്കാനും എന്തേലും വെയ്ക്കുമായിരുന്നു. (അതിന്റെ ഗുണം ഇപ്പോൾ കാണാനും ഉണ്ട്  )
അതല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ഉള്ള വായന .. ഓടുന്ന വണ്ടിയിൽ ഇരുന്നു വായിക്കുന്നത് കണ്ണിനു ദോഷം ആണെന്ന് അറിയാഞ്ഞിട്ടല്ല .. ആ സുഖം ഒന്നും വേറെയാണ് .. കഴിഞ്ഞ വർഷം ഒരു നീണ്ട യാത്ര പോയി .. ഡല്ഹി ഹര്യാന ചന്ദിഗർഹ് പഞ്ചാബ് ഹിമാചൽ .. റോഡ്‌ വഴിയുള്ള യാത്ര.. മാറുന്ന കൃഷിയിടങ്ങൾ, വീടുകളുടെ ആകൃതി, വസ്ത്രധാരണം , ഗ്രാമങ്ങൾ .. ഇതൊക്കെ കാണും ഇടയ്ക്കിടെ .. ബാക്കി സമയമൊക്കെ ഞാൻ അഫ്ഘാനിസ്ഥാനിൽ .. താലിബാൻ സ്ഫോടനങ്ങളിൽ ലൈല യോടൊപ്പം .. Khaled Hosseini യുടെ A Thousand Splendid Suns .. മനസ്സിൽ ഈ യാത്രയും കഥയും കഥാപാത്രങ്ങളും കൂടികുഴഞ്ഞൊരു cultural blend ..
ഇപ്പോൾ Paulo Coelho യുടെ Adultery വായിച്ചു തുടങ്ങി .. മുപ്പതുകളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയുടെ സത്യസന്ധമായ മനോവിചാരങ്ങൾ ആണ് .. ഒരു വരി നിങ്ങൾക്കായി ചേർക്കുന്നു
"The horizon seems farther away, beyond the clouds and the walls of our house."

കുപ്പിവളകൾ.. കുടമുല്ലയും

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എനിക്ക് ചാർമിനാർ വളകൾ സമ്മാനിച്ചു .. അന്ന് വീടെതിയ ഉടനെ ഞാൻ എന്റെ കുപ്പിവള പെട്ടികൾ പുറത്തെടുത്തു.. പല നിറങ്ങളിൽ കുറെ ഉണ്ട് ഇപ്പോളും. അങ്ങനെ ഒന്ന് ഉള്ളതുപോലും ഞാൻ മറന്നിരിക്കുന്നു, എന്തേ എന്റെ ഇഷ്ടങ്ങൾ അത്രയ്ക്ക് മാറിയോ കാലം കൊണ്ട് ..
പണ്ടൊക്കെ പ്രീഡിഗ്രി കാലത്തും അതിനു മുമ്പ് ഹൈ സ്കൂൾ കാലത്തും ധാരാളം കുപ്പിവളകൾ ഇടുമായിരുന്നു കൈ നിറയെ. വെറുതെ കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല , കുപ്പിവളകൾ എനിക്ക് വളരെ സന്തോഷം നല്കിയിരുന്നു .. വളപ്പൊട്ടുകളും മഞ്ചാടികുരുവും കൂട്ടി വെച്ചിരുന്നു എന്തോ ഒരു ആഗ്രഹം പോലെ ഒരു ചെപ്പിനുള്ളിൽ.
ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു അവധി കാലത്ത് അതിരാവിലെ ഉണർന്നു കുളിച്ചു കയ്യിൽ ചുവന്ന വളകളും അണിഞ്ഞു വീടിനോട് ചേർന്നുള്ള അമ്മൻകോവിലിൽ പോകുന്ന എന്നെ ഞാൻ ഓർത്തു. മണൽവിരിച്ച ആലിൻചോട്ടിലെ ചെറിയ ശ്രീകോവിൽ . അടുത്ത് തന്നെ കിണറും ഗണപതിയും പിന്നെ എനിക്ക് പരിചയമില്ലാത്ത വേറെ ചില മൂർത്തികളും .. എനിക്ക് ഒരൊറ്റ അജെണ്ടയെ ഉള്ളൂ എന്നും പ്രാർഥിക്കാൻ. വടക്കേ മുറ്റത്തെ മാവിൻചോട്ടിൽ അമ്മാമ്മയുടെ അസ്ഥിതറയുണ്ട് , അതിനടുത്തു റോസാചെടിയും മുല്ലവള്ളിയും. പക്ഷെ രണ്ടും പൂക്കുന്നില്ല. എന്നും പ്രാർഥിക്കും അടുത്ത രാവിലെ അത് പൂക്കണേ എന്ന്.. പിറ്റേന്നും പോയി നോക്കും പൂത്തോ എന്ന്. ഇതാണ് ഒരുപക്ഷെ എന്റെ നിഷ്കളങ്കതയുടെ അവസാന ഓർമ. അന്നൊക്കെ എനിക്കധികം കുപ്പിവളകൾ ഇല്ല.. ചുവപ്പും കറുപ്പും മാത്രം, കോവിലിലെ ഉത്സവം വരുമ്പോൾ ആപ്പിൾ ബലൂണ്‍ വാങ്ങി തട്ടി കളിക്കുമ്പോൾ ആ വളകൾ കിലുങ്ങുന്നത് പ്രത്യേകം നോക്കും, അത് പോലെ തന്നെ രാത്രി നാടകം കാണാൻ ബെഞ്ച്‌ ഒക്കെ ഇട്ടു ഇരിക്കും പടിഞ്ഞാറേ പറമ്പിൽ.. അവിടെ ഇരുന്നാൽ കോവിലിലെ ഉത്സവ പരിപാടികൾ നന്നായി കാണാം.. അപ്പോളും മതിലിൽ ഇരിക്കുന്ന ചെക്കന്മാർ നോക്കുന്നുണ്ട് എന്നെനിക്കറിയാം.. ആ വളകൾ കാണും വിധം കൈകൾ കവിളത്ത് കൊടുക്കുതിരിക്കും. അങ്ങനെ എന്റെ കൌമാരത്തിന് കുപ്പിവള കിലുക്കം .. കൗമാര പ്രണയങ്ങൾ മയിപ്പീലി പോലെ ഇന്നും പുസ്തകത്തിനകത്ത് ആകാശം കാണാതെ ഇരിപ്പുണ്ട്..
പിന്നീടങ്ങോട്ടും കുപ്പിവളകൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. ഒപ്പം കുടമുല്ലപൂവും വെള്ളിപാദസരവും സിന്ദൂരവും പച്ചപട്ടും ഒക്കെ എന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും മാറ്റ് കൂട്ടി . ഇരുപതുകളുടെ തുടക്കത്തിൽ രാത്രി മുറി അടച്ചു കുറ്റി ഇട്ടു, അമ്മയുടെ പച്ചപട്ടുടുത്തു ജിമുക്കിയും വളകളും അണിഞ്ഞു , വട്ട പൊട്ടും സീമന്തരേഖയിൽ അല്പ്പം സിന്ദൂരവും ചാർത്തി കണ്ണാടിയിൽ നോക്കി, ഊറി ചിരിച്ചത് ഓർക്കുമ്പോൾ ഇന്നും ചിരി വരുന്നു.
പിന്നെടെപ്പോഴോ ഞാൻ പോലും അറിയാതെ ഇതൊക്കെ മറന്നു. വള അണിഞ്ഞാൽ തന്നെ ഒരു വള, അതും കുപ്പിവള അല്ല . വളരെ ചെറിയ ഒരു കറുത്ത പൊട്ടു മാത്രം ഇടും, ഒരുക്കം എന്ന് പറയാൻ. മുല്ലപ്പൂ അപൂർവമായി മാത്രം.
കല്യാണം കഴിഞ്ഞ കാലത്ത് കൈയ്യിൽ വളയിടാതെ പുറത്തിറങ്ങുമ്പോൾ, അമ്മ വളരെ ആശങ്കയോടെ തിരികെ വിളിച്ചു വളകൾ ഇടീക്കുമായിരുന്നു.. അന്ന് ഞാൻ മനസ്സിൽ മുറുമുറുക്കും , ഈ അമ്മയ്ക്കിത് എന്താ ഇപ്പൊ.. ആൾക്കാരെ കാണിക്കാൻ അല്ലെ, ഞാൻ ഇടില്ല നോക്കിക്കോ എന്നൊക്കെ പറഞ്ഞു, പോകും വഴി വളകൾ പയ്യെ ഊരി ബാഗിൽ ഇട്ടിട്ടും ഉണ്ട്.... പിന്നെ പിന്നെ ഗേറ്റ് ഇറങ്ങുമ്പോൾ അമ്മ ഓർമിപ്പിക്കുമ്പോൾ, ഇനി എനിക്ക് വയ്യ അകത്തു കയറാൻ എന്ന് പറഞ്ഞു തുടങ്ങി.. ആദ്യമൊക്കെ അമ്മ കൈയ്യിലെ വള ഊരി എന്നോട് ഇടൂ എന്ന് പറഞ്ഞിരുന്നു , പിന്നീട് അമ്മയ്ക്ക് മതിയായി എന്ന് തോന്നുന്നു എന്നോട് പറയാതെ ആയി.. ഇത് പോലെ തന്നെയാണ് പൊട്ടിന്റെ കാര്യവും.. വളരെ ചെറിയ ഒരു കറുത്ത പൊട്ടു ഇടുന്ന എന്നെ ചുവന്ന ഇത്തിരി വല്യ പൊട്ടിടാൻ നോക്കിച്ചു.. എന്നിട്ട് എന്തായി .. ഞാൻ പൊട്ടോ വളയോ ഇട്ട കാലം മറന്നു ഇപ്പോൾ.
ഇപ്പോൾ മനസ്സിലാക്കുന്നു അന്ന് അമ്മ എന്നോട് പൊട്ടും വളയും ഇടാൻ നിർബന്ധിച്ചത് , അതൊക്കെ അമ്മയുടെയും സ്വപ്നങ്ങളുടെ ഭാഗമായിരുന്നതു കൊണ്ടാകാം .. ഒരുപക്ഷെ ഓരോ പെണ്ണിനും ഇതൊക്കെ പ്രിയം തന്നെ ആയിരിക്കും.
സ്വപ്നങ്ങൾക്ക് കുപ്പിവള കിലുക്കം , കുടമുല്ല പൂവിന്റെ മണം.. അന്നും ഇന്നും.. കൃഷ്ണനോടുള്ള പ്രണയം എന്നത് പോലെ ..