Monday, October 20, 2014

കുപ്പിവളകൾ.. കുടമുല്ലയും

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എനിക്ക് ചാർമിനാർ വളകൾ സമ്മാനിച്ചു .. അന്ന് വീടെതിയ ഉടനെ ഞാൻ എന്റെ കുപ്പിവള പെട്ടികൾ പുറത്തെടുത്തു.. പല നിറങ്ങളിൽ കുറെ ഉണ്ട് ഇപ്പോളും. അങ്ങനെ ഒന്ന് ഉള്ളതുപോലും ഞാൻ മറന്നിരിക്കുന്നു, എന്തേ എന്റെ ഇഷ്ടങ്ങൾ അത്രയ്ക്ക് മാറിയോ കാലം കൊണ്ട് ..
പണ്ടൊക്കെ പ്രീഡിഗ്രി കാലത്തും അതിനു മുമ്പ് ഹൈ സ്കൂൾ കാലത്തും ധാരാളം കുപ്പിവളകൾ ഇടുമായിരുന്നു കൈ നിറയെ. വെറുതെ കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല , കുപ്പിവളകൾ എനിക്ക് വളരെ സന്തോഷം നല്കിയിരുന്നു .. വളപ്പൊട്ടുകളും മഞ്ചാടികുരുവും കൂട്ടി വെച്ചിരുന്നു എന്തോ ഒരു ആഗ്രഹം പോലെ ഒരു ചെപ്പിനുള്ളിൽ.
ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു അവധി കാലത്ത് അതിരാവിലെ ഉണർന്നു കുളിച്ചു കയ്യിൽ ചുവന്ന വളകളും അണിഞ്ഞു വീടിനോട് ചേർന്നുള്ള അമ്മൻകോവിലിൽ പോകുന്ന എന്നെ ഞാൻ ഓർത്തു. മണൽവിരിച്ച ആലിൻചോട്ടിലെ ചെറിയ ശ്രീകോവിൽ . അടുത്ത് തന്നെ കിണറും ഗണപതിയും പിന്നെ എനിക്ക് പരിചയമില്ലാത്ത വേറെ ചില മൂർത്തികളും .. എനിക്ക് ഒരൊറ്റ അജെണ്ടയെ ഉള്ളൂ എന്നും പ്രാർഥിക്കാൻ. വടക്കേ മുറ്റത്തെ മാവിൻചോട്ടിൽ അമ്മാമ്മയുടെ അസ്ഥിതറയുണ്ട് , അതിനടുത്തു റോസാചെടിയും മുല്ലവള്ളിയും. പക്ഷെ രണ്ടും പൂക്കുന്നില്ല. എന്നും പ്രാർഥിക്കും അടുത്ത രാവിലെ അത് പൂക്കണേ എന്ന്.. പിറ്റേന്നും പോയി നോക്കും പൂത്തോ എന്ന്. ഇതാണ് ഒരുപക്ഷെ എന്റെ നിഷ്കളങ്കതയുടെ അവസാന ഓർമ. അന്നൊക്കെ എനിക്കധികം കുപ്പിവളകൾ ഇല്ല.. ചുവപ്പും കറുപ്പും മാത്രം, കോവിലിലെ ഉത്സവം വരുമ്പോൾ ആപ്പിൾ ബലൂണ്‍ വാങ്ങി തട്ടി കളിക്കുമ്പോൾ ആ വളകൾ കിലുങ്ങുന്നത് പ്രത്യേകം നോക്കും, അത് പോലെ തന്നെ രാത്രി നാടകം കാണാൻ ബെഞ്ച്‌ ഒക്കെ ഇട്ടു ഇരിക്കും പടിഞ്ഞാറേ പറമ്പിൽ.. അവിടെ ഇരുന്നാൽ കോവിലിലെ ഉത്സവ പരിപാടികൾ നന്നായി കാണാം.. അപ്പോളും മതിലിൽ ഇരിക്കുന്ന ചെക്കന്മാർ നോക്കുന്നുണ്ട് എന്നെനിക്കറിയാം.. ആ വളകൾ കാണും വിധം കൈകൾ കവിളത്ത് കൊടുക്കുതിരിക്കും. അങ്ങനെ എന്റെ കൌമാരത്തിന് കുപ്പിവള കിലുക്കം .. കൗമാര പ്രണയങ്ങൾ മയിപ്പീലി പോലെ ഇന്നും പുസ്തകത്തിനകത്ത് ആകാശം കാണാതെ ഇരിപ്പുണ്ട്..
പിന്നീടങ്ങോട്ടും കുപ്പിവളകൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. ഒപ്പം കുടമുല്ലപൂവും വെള്ളിപാദസരവും സിന്ദൂരവും പച്ചപട്ടും ഒക്കെ എന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും മാറ്റ് കൂട്ടി . ഇരുപതുകളുടെ തുടക്കത്തിൽ രാത്രി മുറി അടച്ചു കുറ്റി ഇട്ടു, അമ്മയുടെ പച്ചപട്ടുടുത്തു ജിമുക്കിയും വളകളും അണിഞ്ഞു , വട്ട പൊട്ടും സീമന്തരേഖയിൽ അല്പ്പം സിന്ദൂരവും ചാർത്തി കണ്ണാടിയിൽ നോക്കി, ഊറി ചിരിച്ചത് ഓർക്കുമ്പോൾ ഇന്നും ചിരി വരുന്നു.
പിന്നെടെപ്പോഴോ ഞാൻ പോലും അറിയാതെ ഇതൊക്കെ മറന്നു. വള അണിഞ്ഞാൽ തന്നെ ഒരു വള, അതും കുപ്പിവള അല്ല . വളരെ ചെറിയ ഒരു കറുത്ത പൊട്ടു മാത്രം ഇടും, ഒരുക്കം എന്ന് പറയാൻ. മുല്ലപ്പൂ അപൂർവമായി മാത്രം.
കല്യാണം കഴിഞ്ഞ കാലത്ത് കൈയ്യിൽ വളയിടാതെ പുറത്തിറങ്ങുമ്പോൾ, അമ്മ വളരെ ആശങ്കയോടെ തിരികെ വിളിച്ചു വളകൾ ഇടീക്കുമായിരുന്നു.. അന്ന് ഞാൻ മനസ്സിൽ മുറുമുറുക്കും , ഈ അമ്മയ്ക്കിത് എന്താ ഇപ്പൊ.. ആൾക്കാരെ കാണിക്കാൻ അല്ലെ, ഞാൻ ഇടില്ല നോക്കിക്കോ എന്നൊക്കെ പറഞ്ഞു, പോകും വഴി വളകൾ പയ്യെ ഊരി ബാഗിൽ ഇട്ടിട്ടും ഉണ്ട്.... പിന്നെ പിന്നെ ഗേറ്റ് ഇറങ്ങുമ്പോൾ അമ്മ ഓർമിപ്പിക്കുമ്പോൾ, ഇനി എനിക്ക് വയ്യ അകത്തു കയറാൻ എന്ന് പറഞ്ഞു തുടങ്ങി.. ആദ്യമൊക്കെ അമ്മ കൈയ്യിലെ വള ഊരി എന്നോട് ഇടൂ എന്ന് പറഞ്ഞിരുന്നു , പിന്നീട് അമ്മയ്ക്ക് മതിയായി എന്ന് തോന്നുന്നു എന്നോട് പറയാതെ ആയി.. ഇത് പോലെ തന്നെയാണ് പൊട്ടിന്റെ കാര്യവും.. വളരെ ചെറിയ ഒരു കറുത്ത പൊട്ടു ഇടുന്ന എന്നെ ചുവന്ന ഇത്തിരി വല്യ പൊട്ടിടാൻ നോക്കിച്ചു.. എന്നിട്ട് എന്തായി .. ഞാൻ പൊട്ടോ വളയോ ഇട്ട കാലം മറന്നു ഇപ്പോൾ.
ഇപ്പോൾ മനസ്സിലാക്കുന്നു അന്ന് അമ്മ എന്നോട് പൊട്ടും വളയും ഇടാൻ നിർബന്ധിച്ചത് , അതൊക്കെ അമ്മയുടെയും സ്വപ്നങ്ങളുടെ ഭാഗമായിരുന്നതു കൊണ്ടാകാം .. ഒരുപക്ഷെ ഓരോ പെണ്ണിനും ഇതൊക്കെ പ്രിയം തന്നെ ആയിരിക്കും.
സ്വപ്നങ്ങൾക്ക് കുപ്പിവള കിലുക്കം , കുടമുല്ല പൂവിന്റെ മണം.. അന്നും ഇന്നും.. കൃഷ്ണനോടുള്ള പ്രണയം എന്നത് പോലെ ..

No comments:

Post a Comment