Saturday, November 23, 2019

ഒന്നു പറയാൻ _

പതിനഞ്ചു വയസ്സിലോ മറ്റോ ആകണം, ഒരു സ്വപ്നം കണ്ടിരുന്നു, പുലർക്കാലത്തു കണ്ട ഒന്ന്.. ഹൃദയത്തിലാകെ മഞ്ഞുതുള്ളി വീണത് പോലെ തോന്നിപ്പിച്ച ഒരു സ്വപ്നം. കവിളിലേക്കു പടർന്നു തുടങ്ങുമ്പോഴേക്കും എന്തു കൊണ്ടോ തിരിച്ചു ചുണ്ടുകളിൽ തന്നെ കയറി ഒളിച്ചിരുന്ന പുഞ്ചിരി പോലെ ഒരു സ്വപ്നം.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നൈർമല്യം ഒട്ടും മാറാത്ത ചിലതില്ലേ, അത് പോലൊന്ന്.

എത്രയോ പ്രിയപ്പെട്ടതായതു കൊണ്ടാകാം, എന്തൊക്കെ എഴുതി കൂട്ടിയിട്ടും , ഈ സ്വപ്നം അക്ഷരങ്ങളിൽ പടർത്താതെ, ആ സുഖം ഒരിറ്റു ചോരാതെ കാത്തു വെച്ചിരുന്നത്, ആത്മാവിനുള്ളിലെ തിരി പോലെ കൊണ്ടു നടന്നത്,  ഒരുപക്ഷെ ഇന്നിത് നിന്നോട് തന്നെ പറയാൻ ആയിരുന്നിരിക്കണം.

സന്ധ്യാനേരത്തു പടിക്കെട്ടുകളുള്ള ഒരു ക്ഷേത്രകുളത്തിന്റെ ഒരു വശത്തു നിന്നും ഇടിഞ്ഞിലിൽ തിരിതെളിയിച്ചു ജലത്തിലേക്കു ഒഴുക്കി വിടുന്ന കുറെ സ്ത്രീകൾക്കൊപ്പം ഞാനും.. മറു വശത്തു നിൽക്കുന്ന ഒരു ആൺകുട്ടി, അവനും ഒഴുകി  നടക്കുന്ന തിരിനാളങ്ങളും മാത്രമായി മാറിയ പോലെ. ആ പ്രഭയിൽ  ഞങ്ങളുടെ മിഴികളിലും  ... കണ്ണെടുക്കാതെ പരസ്പരം അങ്ങനെ നോക്കി നിൽക്കുന്ന അവനും ഞാനും.. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ തോന്നിയ വിരഹം, അതേ പോലെ തോന്നിയിരുന്നു എന്നും, അതോർക്കുമ്പോഴൊക്കെയും.

എവിടെയൊക്കെയോ അവനെ തേടിയിരുന്നില്ലേ ഞാൻ .. കാഴ്ചക്കപ്പുറമുള്ള ആ കാഴ്‌ച, ആ കണ്ണുകളുടെ ആകാരമോ ഭംഗിയോ അന്ന് കണ്ടിരുന്നില്ല, പക്ഷെ അവനു മാത്രമേ എന്നെ അന്നത്തെ പോലെ അലിയിക്കാനാകൂ എന്ന് കരുതിയ വർഷങ്ങൾ..

അതൊന്നും വെറുതെയായില്ല എന്ന് മനസ്സ് മെല്ലെ പറഞ്ഞിരുന്നു..
അവന്റെ കൂട്ടുപുരികത്തിൽ ഞാൻ ചുണ്ടുകൾ  ചേർത്തപ്പോൾ..
അവന്റെ കണ്ണുകളിലെ ചിരി എന്നെ മൂടിയപ്പോൾ
എന്റെ ചെവികളിൽ അവൻ പടർന്നു കയറിയപ്പോൾ
അവന്റെ സ്നേഹതെളിനീരിൽ ഞാൻ നനഞ്ഞു കുതിർന്നപ്പോൾ..

ഇനി പറയട്ടേ ,
പ്രാണൻ അലിഞ്ഞലിഞ്ഞു ഞാനും നീയും അല്ലാതെ പ്രപഞ്ചമായി മാറുന്ന നമ്മൾ..
ഇത് തന്നെയാണ് ആത്മാവിനെ കുതിർക്കുന്ന പ്രണയം..
അന്ന് ആ ഒഴുകുന്ന തിരിനാളങ്ങളിൽ ചേർന്നു തെളിഞ്ഞ എന്റെ ജീവന്റെ നാളം.

Monday, September 5, 2016

പ്രണയത്തിലെ പരിഭവങ്ങളും പിടിച്ചു വലിച്ചടുപ്പിക്കലും അതിന്റെ സുഖവും എന്നാൽ ഞെരുക്കവും ഒക്കെ അനുഭവിക്കുന്ന കാലത്തു താലോലിച്ചിരുന്നു നെരൂദയുടെ ആ വരികൾ : "മൈ ലവ് ഫീഡ്സ് ഓൺ യുവർ ലവ് ബിലോവെഡ്". നിന്റെ സ്നേഹത്തിലാണ് എന്റെ സ്നേഹം
വളരുന്നത് പ്രിയപ്പെട്ടവനേ..
നെരൂദ പറയുന്നത് പോലെ, ഞാനും പലതവണ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്, അവനോടും .. എന്നെ സ്നേഹിക്കുന്നത് നീ കുറച്ചു കുറച്ചായി നിറുത്തുമെങ്കിൽ, ഞാനും നിന്നെ സ്നേഹിക്കുന്നത് കുറച്ചു കുറച്ചായി നിറുത്തും. നീ എന്നെ പെട്ടെന്ന് മറന്നു പോയെങ്കിൽ എന്നെ തിരയരുത്, ഞാൻ എപ്പോഴേ നിന്നെ മറന്നു കഴിഞ്ഞിരിക്കും.. ഇതാണ് പ്രണയം എന്നും പ്രണയമായതു കൊണ്ടാണ് ഇങ്ങനെയൊന്നും കരുതിയിരുന്ന കാലം.
എന്നാൽ പടികൾ ചവിട്ടി കയറി മനസ്സ് മുന്നിലേക്ക് പോകുംതോറും പടവുകൾ മാറുന്നതിനൊപ്പം പ്രണയത്തിനു മറുപ്രണയത്തിന്റെ ഇത്തിൾക്കണ്ണി വേണ്ട എന്നായിരിക്കുന്നു. ഇവിടെ ഇങ്ങുയരത്തിൽ നിൽക്കുമ്പോൾ തൊടാൻ പാകത്തിൽ ആകാശം മാത്രം. മനസ്സിൽ നിറഞ്ഞമരുന്ന ആകർഷണവും സ്നേഹവും. ഒരാൾ അറിയാതെ അയാളോട് പറയാതെ അയാൾ തിരിച്ചറിഞ്ഞിട്ടില്ലാതെ, തിരിച്ചിങ്ങോട്ടു ഒന്നും ആഗ്രഹിക്കാതെ അങ്ങനെയൊക്കെ പ്രണയിക്കാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു, ഇപ്പോൾ പ്രണയിക്കും വരെയും.
ഇത് മാഞ്ഞു പോകുന്ന ഒരു തോന്നൽ ആകാം, അല്ലാതാകാം.
പക്ഷെ ഇതെനിക്ക് പുതുമയാണ്.
പറഞ്ഞാൽ അറിഞ്ഞാൽ പകരം തന്നാൽ ഭംഗി ചോരുന്ന പ്രണയം.

Friday, September 25, 2015

അമർ കൊട്ടാരത്തിലെ വിസ്മയ കാഴ്ചകൾ


ആഗ്ര വഴി രാജസ്ഥാനിൽ പോയി വന്നിട്ട് ഒരു വർഷത്തോളം ആകുന്നു. കുറച്ചു ആഗ്ര വിശേഷങ്ങൾ അന്നിവിടെ പങ്കിട്ടിരുന്നു. യാത്ര വിശേഷം മുഴുമിപ്പിക്കതെ മടിപിടിച്ചിരുന്നു എങ്കിലുംമനസ്സിൽ പലപ്പോഴും തോന്നിയിരുന്നു , കണ്ടതും സങ്കല്പ്പിച്ചുക്കൂട്ടിയതുമായ യാത്ര അനുഭവം അക്ഷരത്തിൽ കോർത്തിടണം എന്ന് . ഇപ്പോൾ അതിനു നിമിത്തമായത് നിഷയും മറ്റൊരു സുഹൃത്തും കഴിഞ്ഞ ആഴ്ചയിൽ പോസ്റ്റ്‌ ചെയ്ത ഒട്ടേറെ ചിത്രങ്ങൾ. ചിലതൊക്കെ കുറിച്ചോട്ടെ..
ആഗ്രയും ഫതെഹ്പുർ സിഖ്രിയും ഒക്കെ കണ്ടു കഴിഞ്ഞാണ് ജയ്പുറിലേക്ക് തിരിക്കുന്നത്. ഇടയ്ക്ക് ഒരു ദിവസം ഭരത്പൂർ നാഷണൽ പാർക്കിലും തങ്ങിയിരുന്നു. യാത്രക്കിടയിൽ റിലാക്സ് ചെയ്യാൻ പറ്റിയ ഇടത്താവളം ആണ് ഈ Keoladeo നാഷണൽ പാർക്ക്‌. . പക്ഷിസ്നേഹികൾക്കും ഫോട്ടോഗ്രഫി പ്രിയമുള്ള വർക്കും ചാകര ആണ് ഇവിടം . 400 ലധികം ഇനം പക്ഷികൾ ഉണ്ടെന്നു കേട്ടു .. കുറെ ഒക്കെ കണ്ടു .. ഭരത്പുർ അനുഭവം പിന്നീടൊരിക്കൽ എഴുതാം.. ഇപ്പൊ മനസ്സ് കുതിക്കുന്നു ജയ്പുറിലേക്ക് .. അമർ കൊട്ടാരത്തിലേക്ക് .. ഇംഗ്ലീഷിൽ Amber Fort എന്ന ബോർഡ്‌ കണ്ടു , കയറുമ്പോൾ തന്നെ. പക്ഷെ ഗൈഡ്,  "അമർ" എന്നാണു പറഞ്ഞത് .. അന്വേഷിച്ചപ്പോൾ അങ്ങനെയാണ് ഉച്ചാരണം എന്നറിഞ്ഞു.
ടാജ്മാഹൽ ഒന്നുമല്ല എന്ന് തോന്നിയിരുന്നു എനിക്ക് ആഗ്ര കൊട്ടാരം കണ്ടു നടക്കുമ്പോൾ. ഒരുപക്ഷെ മാർബിൾ ചിത്രകലയെക്കൾ ഏറെ എന്നെ ആകർഷിച്ചത് അവിടെ ഞാൻ നെയ്തെടുത്ത പോയ്‌മറഞ്ഞ ജീവിതങ്ങൾ ആയിരുന്നു. എന്നിരുന്നാലും വളരെ നെഗറ്റിവിറ്റി തോന്നി ആഗ്ര കൊട്ടാരത്തിലും പ്രത്യേകിച്ച് ഫതെഹ്പുർ സിഖ്രി യിലും..
അതൊക്കെ മാറിയത് അമർ കൊട്ടാരത്തിലാണ്. എന്തോ എനിക്കിവിടമാകെ ഒരു അതിശയമായി തോന്നി.. മനസ്സിൽ അകാരണമായി സന്തോഷം നിറഞ്ഞു . കൊട്ടാരത്തിലേക്ക് കയറുന്നിടത്ത് തന്നെ ശിലാ ദേവിയുടെ അമ്പലം ഉണ്ട്. തൊഴുതു കുങ്കുമം തൊടുമ്പോൾ വല്ലാത്ത പോസിറ്റീവ് എനർജി വന്നു നിറയും പോലെ ... ചരിത്രപരമായ വിവരണങ്ങൾ ഗൈഡ് നല്കി കൊണ്ടേ ഇരുന്നു.. പ്രായമായ ഒരാളാണ്.. അത് കൊണ്ട് തന്നെ ചരിത്രമൊക്കെ ആവേശത്തോടെ , പഴയ ഒരു പ്രജയുടെ കോരിത്തരിപ്പോടെ, കാവ്യത്മകതയോടെ പറഞ്ഞു തന്നു.അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു. ഒന്നും കുറിച്ച് വെയ്ക്കുന്ന പതിവില്ലാത്തത് കൊണ്ട് പല പേരുകളും മറന്നു .. ഇനി യാത്രകൾക്കിടയിൽ കുറിപ്പുകൾ എഴുതണം.. നാവിൻ തുമ്പത്ത് വന്നിട്ടും വരാതെ നില്ക്കുന്ന കൊതിപ്പിക്കുന്ന പേരുകൾ പലതും ഉണ്ട്.. അതിലൊന്നാണ് കൊട്ടാരത്തിലെ ഒരു മഹാറാണിയുടേത് . അവർ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുമായിരുന്നു.. റാണി ഭാരമേറിയ ഘാഗ്ര (പാവാട ) അല്പ്പം ഉയർത്തി പിടിച്ചു നടക്കുന്ന കാഴ്ച മനസ്സിൽ കോറിയിട്ടു. ഈ ഭാരമൊക്കെ പേറി കൊട്ടരമാകെ ചുറ്റി നടന്നു കാര്യങ്ങൾ നോക്കിനടത്താൻ ബുദ്ധിമുട്ടായത് കൊണ്ട് അവർക്ക് കൊട്ടാരത്തിനുള്ളിൽ സഞ്ചരിക്കാൻ ഒരു രഥം ഉണ്ടായിരുന്നു, വലിയ്ക്കാൻ തോഴിമാരും.. ഈ രഥത്തിന് സഞ്ചരിക്കാൻ speedbreakers നിരത്തിയത് പോലെ തോന്നിക്കുന്ന ഇടന്നാഴിയും.. കൊട്ടാരമാകെ കടന്നു പോകുന്ന ഇടനാഴി . അവർ സഞ്ചരിച്ചിരുന്ന ആ രഥം കണ്ണാടി വാതിലിനുള്ളിൽ വെച്ചിരിക്കുന്നത് കണ്ടു. മനസ്സിൽ ഓർത്തു ആ തോഴിയുടെ കഷ്ടം .. എപ്പോഴും തിളക്കങ്ങൾക്കിടയിൽ വിയർപ്പുമണികളും കണ്ണുനീരും ഉണ്ടാകും അന്നും ഇന്നും.
കൊട്ടാര വഴികളിലൊക്കെ ചുവരിൽ വിളക്ക് വെയ്ക്കാനുള്ള നിശ്ചിത ഇടം കണ്ടു.. നമ്മുടെ ഇലക്ട്രിക്‌ ലാമ്പ് പോലെ .
എങ്ങനെ ഈ കൊട്ടാരത്തിനകത്ത് വഴി തെറ്റാതെ ആളുകള് ജീവിച്ചിരുന്നു എന്ന് അതിശയം തോന്നും.. ഇടുങ്ങിയ കോണിപടികളും, നടപ്പാതകളും, പല നിലകളിലായി മട്ടുപ്പാവുകളും അങ്കണങ്ങളും അറകളും ... ഒരു വിസ്മയ ലോകം തന്നെയാണ് ഈ കോട്ട. ഏതോ പെണ്‍കുട്ടികൾ ഉണ്ടായിരുന്നിരിക്കില്ലേ ആരുടേയും കണ്ണിൽ പെടാതെ ഓരോ വഴിപ്പാതയും ഗോവണികളും ഇരുണ്ട ഇടങ്ങളും ഹൃദി സ്തമാക്കിയവർ. അവരുടെതായ കളിയിടങ്ങൾ കണ്ടെത്തിയവർ.. ബാല്യങ്ങൾ യൌവനങ്ങൾ പ്രണയങ്ങൾ പ്രണയഭംഗങ്ങൾ.. എന്തോക്കെയാകും ഇവിടെ നടന്നിട്ടുണ്ടാകുക എന്നൊക്കെ സ്വപ്നം കാണുന്നതിനിടയിൽ ഗൈഡ് അമ്മാവൻ ചരിത്രം വിവരിച്ചു കൊണ്ടേയിരുന്നു. മഹാരാജാവിനു - മാന്സിങിനും പിന്നീട് വന്ന ജയ്സിംഗ് തുടങ്ങിയവര്ക്കൊക്കെ പല ഭാര്യമാർ ഉണ്ടായിരുന്നല്ലോ. റാണിമാരുടെ മേല്ക്കൂരയില്ലാത്ത കുളിഅറകൾ തുറന്ന അങ്കണങ്ങളിൽ ആണ് സ്ഥിതി ചെയ്യുന്നത്... മുകളിലൊരു വരാന്തയിലൂടെ രാജാവിനു കുളി കണ്ടു നടക്കാം .. രാജാവിനു മാത്രമേ അത് നോക്കാൻ അധികാരമുള്ളൂ.. മറ്റെത്രയോ ഭടന്മാർ നോക്കി വശം കേട്ടിട്ടുണ്ടാകണം. ചിരി അടക്കി ഞാൻ വീണ്ടും നടന്നു. നാല് റാണിമാർക്ക്‌ നാല് മുറികൾ , ഓരോന്നിന്റെയും ചിത്രപണികൾ, പ്രത്യേകിച്ച് മേല്ക്കൂരയിലെ ചിത്രങ്ങൾ ഒന്നിനൊന്നു മികച്ചത്. അന്തപ്പുരങ്ങൾ കണ്ടു ഇറങ്ങവേ ഒരു സംശയം, കുളിയിടങ്ങൾ കണ്ടു, അപ്പോൾ എവിടെയാകും റ്റൊയിലെറ്റ് , ചോദിക്കേണ്ട താമസം അതും ഗൈഡ് കാട്ടി തന്നു.. ഒരു മുറിയിൽ തന്നെ നിര നിരയായി പല "ക്ലോസെറ്റുകൾ". ഒന്ന് അത്യാവശ്യമായി പോകുമ്പോൾ കൂട്ടുകാരെ ഒരു കമ്പനിക്ക്‌ പോരുന്നോ എന്ന് വിളിക്കുന്ന എർപ്പാടാണോ എന്നോർത്ത് മനസ്സില് പല സാദ്ധ്യതകൾ ഗണിക്കുകയും ഗുണിക്കുകയും ചെയ്തു എന്നത് സത്യം.
കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് രാജാവിന്‌ മാറി മാറി താമസിക്കാൻ മൂന്നു മന്ദിരങ്ങൾ ഇവിടെ കണ്ടു. വേനലും ശീതവും അതി കഠിനം ആണല്ലോ അവിടെ. വേനലിൽ താമസിക്കാൻ മേൽക്കൂരയിൽ ജലസംഭരണിയിൽ നിന്നും പ്രത്യേക പൈപ്പ് മാർഗം ac effect കിട്ടുന്ന ഒരു രാജമന്ദിരം. ശീതകാലത്താകട്ടെ ശീഷ്മഹൽ (കണ്ണാടി കൊട്ടാരം) - ചെറു കണ്ണാടി തുണ്ടുകൾ കൊണ്ട് നിർമിച്ച അതിമനോഹരമായ ഗൃഹം. നെയ്‌വിളക്ക് കത്തിച്ചു വയ്ക്കുമായിരുന്നു കൊട്ടാര വരാന്തയിൽ, സന്ധ്യാ നേരത്ത്. ആ വിളക്കുകൾ പതിനായിരമായി ലക്ഷമായി കണ്ണാടികഷ്ണങ്ങളിൽ പ്രതിഫലിക്കുകയും അണ്ടകടാഹത്തിലെ നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെ ശീഷ്മഹലിൽ സമ്മേളിക്കുന്ന അത്ഭുത പ്രതീതി അകക്കണ്ണിൽ കണ്ടും ഒപ്പം ഈ ദീപ പ്രപഞ്ചം സൃഷിടിക്കുന്ന നെയ്‌വിളക്കുകളും കണ്ണാടി തുണ്ടുകളും ചേർന്ന് പരത്തുന്ന ഇളംചൂട് കൊണ്ടും , ആ സ്വപ്നകാഴ്ച യിലൂടെ കടന്നു ഞങ്ങൾ മൂന്നാം മന്ദിരത്തിലേക്ക് .. എനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് ഇവിടെ കണ്ടു... മഴവെള്ളം സംഭരിക്കാൻ പാകത്തിനുള്ള മഴക്കാല വസതി. തുറന്ന വാതിലുകളുള്ള ഒരു മുറിയുടെ ഉള്ളിലെ ചുമരിനോട് ചേർന്ന്..ഒരു അരിപ്പ പോലെ കണ്ണറകൾ ഉള്ള ഒരു ചരിഞ്ഞ മാർബിൾ. വെളിയിൽ സംഭരിക്കുന്ന മഴവെള്ളം ഈ അരിപ്പയിലൂടെ മുറിക്കുള്ളിലേക്ക കാറ്റത്തു വെള്ളത്തുള്ളികൾ spray ചെയ്തു വീഴും. അത് പോലെ തന്നെ മഴവെള്ളം മുറിയുടെ ഒത്ത നടുവിലൂടെ ഒരു നീർ ചാലായി ഒഴുകി പുറത്തെ പൂന്തോട്ടത്തിലേക്ക് പോകും വഴിയുള്ള വരാന്തയിൽ ഒരു ഊഞ്ഞാലിൽ മഹാറാണി ഇരിക്കും, തോഴിമാർ ആ ഊഞ്ഞാൽ മെല്ലെ ആട്ടും.. അപ്പോൾ മനോഹരമായ പാദങ്ങൾ കൊണ്ട് റാണി പയ്യെ ഒഴുകി പോകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഊഞ്ഞാൽ ആടും..
ഒരു കവിത പോലെ മനോഹരം .. മനസ്സിൽ ആണ് ഇതൊക്കെയും കണ്ടത്.. ചരിത്രപരമായ സൂക്ഷ്മതയൊന്നും ഞാൻ ഉറപ്പു പറയുന്നില്ല.. കാണുന്നത് കണ്ണ് കൊണ്ട് മാത്രം ആകണം എന്നില്ലല്ലോ ..

Thursday, June 11, 2015

ചുരുളഴിയും മുമ്പേ

വേനലവധി കഴിഞ്ഞു തിരിച്ചു വരുന്നേരം ആദി പറഞ്ഞു അവന്റെ പൊക്കം വീട്ടിലെ മതിലിൽ അടയാളപ്പെടുത്തി വെയ്ക്കണം .. അപ്പോൾ അറിയാലോ എത്ര പൊക്കം കൂടി എന്ന്, അടുത്ത അവധിക്കു വരുമ്പോൾ. ഇത് കേട്ടെനിക്ക് ചിരി വന്നു, പണ്ട് അപ്പാപ്പന്റെ വീട്ടിൽ പോകുമ്പോൾ കല്ക്കരി കൊണ്ട് മതിലിൽ ഞാനും അനിചേട്ടനും അടയാളപ്പെടുതുമായിരുന്നു ഇതുപോലെ ഞങ്ങളുടെ പൊക്കം. എന്തൊക്കെ അടയാളങ്ങൾ ആണ് അല്ലെ നമ്മൾ ചുവരിലും മുറികളിലും മനസ്സുകളിലും അവശേഷിപ്പിക്കുന്നത്, അറിഞ്ഞും അറിയാതെയും.

ഇത്തവണത്തെ വേനലവധിക്ക് എന്തൊക്കെയോ പ്രത്യേകത ഉള്ളത് പോലെ. ജോലിയുടെ ഭാഗമായി എനിക്ക് ഒരു മൂന്നാഴ്ച മാറി നിൽക്കേണ്ടതായി വന്നു. ആദിയെ എന്റെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ഞാൻ പോയത്. ആദ്യമായാണ് അവൻ അച്ഛനും അമ്മയും അവന്റെ വീടും ഒക്കെ ഒരുമിച്ചു വിട്ടു മാറി നില്ക്കുന്നത്. "അമ്മ പൊയ്ക്കോ, എനിക്കൊരു കുഴപ്പൊവുമില്ല" എന്നൊക്കെ വീമ്പിളക്കിയ കുട്ടി , ഞാൻ യാത്ര പറയും നേരം തല കുംബിടുന്നതും, കണ്ണ് നനയാതിരിക്കാൻ പാടുപെടുന്നതും ഞാൻ കണ്ടില്ലെന്നു നടിച്ചു. പിന്നീടങ്ങോട്ടുള്ള അഞ്ചാറു ദിവസങ്ങൾ അവൻ ഇടവിട്ട്‌ എന്നെ ഫോണ്‍ ചെയ്തു കൊണ്ടേയിരുന്നു. ആദ്യ ദിവസങ്ങളിൽ ഫോണ്‍ വെയ്ക്കാൻ നേരം ശബ്ദം ഇടറുന്നതും ഒന്ന് തേങ്ങുന്നതും കേട്ടെങ്കിലും ഞാൻ സ്ട്രോങ്ങ്‌ ആയി ബൈ പറഞ്ഞു കൊണ്ടേയിരുന്നു. അതുപോലെ തന്നെ പോക്കറ്റ്‌ ഇല്ലാത്ത റ്റ്രൗസെർസ് അവൻ ഇടാതെയായി.. ഫോണ്‍ എപ്പോളും കൊണ്ട് നടക്കണ്ടേ!

വിളിയുടെ ഇടവേള നീണ്ടു തുടങ്ങി.. വിശേഷം പറച്ചിൽ കുറയുന്ന പോലെ.. ഫോണ്‍ വെയ്ക്കാനുള്ള ധൃതി ഞാൻ ശ്രദ്ധിച്ചു .. പിന്നീടങ്ങോട്ട്, "അമ്മാ ഞാൻ പിന്നെ വിളിക്കാം, കളിക്കുന്നു, കളി കാണുന്നു.." എന്നൊക്കെയായി. എനിക്കത് വല്ല്യ ആശ്വാസമായി. അവൻ അവന്റെ പ്രിയപ്പെട്ടവർക്കൊപ്പം സുഖമായി സന്തോഷമായി കഴിയുന്നു എന്നറിഞ്ഞപ്പോൾ ഞാനും സർവബന്ധനങ്ങളും മറന്നു കൂട്ടുകാരും ക്ലാസ്സ്രൂമും ഹോസ്റ്റൽ ജീവിതവും ഒക്കെയായി കറങ്ങി നടന്നു.

കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു ഇരുപത്തിരണ്ടാം നാൾ വീട്ടിലെത്തിയ എന്നോട് പ്രിയപുത്രൻ പ്രത്യേകിച്ചൊന്നും സംഭവിചിട്ടില്ലാത്ത പോലെ, അന്ന് രാവിലെ ജോലിക്ക് പോയി മടങ്ങി വന്ന അമ്മയോടെന്ന പോലെ തണുപ്പൻ പെരുമാറ്റം.. അവൻ വളര്ന്ന പോലെ.. എന്നാലും ഇടയ്ക്ക് ആ കുട്ടിത്തം പുറത്തു വരും, ആരും കാണാതെ ഒരു കെട്ടിപ്പിടി ഉമ്മ .. അപ്പോൾ പ്രശനം അവന്റെ ഈഗോ ആണ്, എല്ലാവരുടെയും മുന്നില് സ്ട്രോങ്ങ്‌ ആയി പോയ അവനു, അമ്മയോട് 'പബ്ലിക്‌' ആയി കൊഞ്ചാൻ വയ്യ. ഇതൊക്കെ ഞാൻ ആവോളം ആസ്വദിച്ചു.

പക്ഷെ മാറ്റങ്ങൾ ഉണ്ട് ഇപ്പോൾ എന്റെ പത്തുവയസ്സുകാരന്. ഉറങ്ങാൻ നേരം "കെട്ടിപ്പിടി അമ്മാ" എന്ന് പറഞ്ഞു പിണങ്ങിയിരുന്ന അവനു ഇപ്പോൾ ഞാൻ ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ അതൊരു അസ്വസ്ഥത പോലെ. അവനു അത് വേണ്ടിയിരുന്നപ്പോൾ, വാട്സാപ്പ് ചെയ്യാൻ വേണ്ടി ഞാൻ അവനോടു ക്ഷോഭിച്ചു.. നീ വല്യ കുട്ടിയായില്ലേ, തനിയെ ഉറങ്ങിക്കൂടെ, എനിക്കിപ്പോ വയ്യ കെട്ടിപ്പിടിക്കാൻ, എനിക്കും ഒന്ന് റിലാക്സ് ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു എത്രയോ തവണ അവനെ പിണക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്, കെഞ്ചിയിട്ടുണ്ട് അവൻ എന്നോട് എത്രയോ വട്ടം, ഉറങ്ങും വരെ ഞാൻ അവനെ കെട്ടിപ്പിടിക്കാൻ വേണ്ടി. ഇപ്പോൾ എനിക്ക് കൊതി , പക്ഷെ അവനതു uncomfortable. ഇതൊരു പാഠം ആയി എനിക്ക്..

അവൻ വളരും തോറും എനിക്ക് നഷ്ടമായെക്കാവുന്ന എത്രയോ കൊച്ചു കാര്യങ്ങൾ ഉണ്ട്, സ്നേഹച്ചുരുളുകൾക്കുള്ളിൽ .. അതൊക്കെ ഒരിക്കൽ സ്ട്രയിറ്റെൻ ആകും, അതിനു മുന്നേ അതൊക്കെ ഒട്ടും വിട്ടു പോകാതെ പകർന്നെടുക്കണം ,അടയാളപ്പെടുത്തണം, ഓർമചുരുളുകളിൽ സൂക്ഷിക്കാൻ. അവന്റെ പോയ്പോകുന്ന 'പൊക്കം' മതിലിൽ മാത്രം അടയാളപ്പെടുത്തിയാൽ പോരല്ലോ. ഇപ്പോൾ ഞാൻ കൂടുതൽ അവന്റെ വിശേഷം കേൾക്കുന്നു , ശ്രദ്ധയോടെ തന്നെ. അവനു വേണ്ടി അവന്റെ കൂടെ ത്രോ ആൻഡ്‌ ക്യാച്ച് കളിക്കുന്നു.. വളരുന്ന അവനെ കൊതുകത്തോടെ നോക്കുന്നു.. ആനന്ദത്തോടെ, എന്തിനെന്നറിയാത്ത ഒരിറ്റു നോവോടെ , പ്രാർഥനയോടെ ..

Friday, March 13, 2015

ഒളിച്ചുകളി


ജോലി സ്ഥലത്ത് ന്നിന്നും അഞ്ചു മിനിറ്റ് നടക്കുന്ന ദൂരത്തിൽ ആണ് വീട്. എന്നും ഏകദേശം ഒരേ സമയം ഒരേ വഴിയിലൂടെ ഉള്ള നടത്തം. കഴിഞ്ഞ പത്തു വര്ഷമായി ഇങ്ങനെ. പക്ഷെ ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്കു നടക്കുന്നേരം രസകരമായ ഒന്ന് കണ്ടു. ഒരു ആറുവയസ്സുകാരൻ ഒരു കാറിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നു. പെട്ടെന്ന് അവൻ ഓടി അവന്റെ ആയ എന്ന് തോന്നിക്കുന്ന ഒരു പെണ്ണിന്റെ പുറത്തേയ്ക്ക് ചാടി കയറുന്നു, രണ്ടാളും ചിരിക്കുന്നു ഹൃദ്യമായി ഏറ്റവും ആത്മാർഥമായി. അവൾ അവനെ എടുത്തു വട്ടം ചുറ്റുന്നു . ആ പെണ്ണിന് ഏറിയാൽ ഒരു ഇരുപത്തഞ്ചു വയസ്സ് തോന്നിക്കും. കൊലുന്നനെ നല്ല നീളമുള്ള ഒരുവൾ. കാപ്പിരി തലമുടിയും കറുപ്പുനിറവും.. തിളങ്ങുന്ന കണ്ണുകൾ, ചിരിക്കുന്ന മുഖം ,, സന്തോഷം തുടിക്കുന്ന ഭാവം. എന്തോ ആ ചിരിയും കണ്ണുകളും എന്റെ ഹൃദയത്തിൽ തടഞ്ഞു.
ഇന്ന് ആ വഴി വരുന്നേരം ഞാൻ അവരെ മറന്നു കഴിഞ്ഞിരുന്നു. അപ്പോൾ അതാ ആ കുട്ടി കാറിനു പിന്നിൽ , കള്ളച്ചിരിയോടെ. അവന്റെ മുഖത്തെ ആ നിഷ്കളങ്കത എന്നെ വളരെ സന്തോഷിപ്പിച്ചു. "ആർ യു ഹൈടിംഗ്" എന്നഎന്റെ രഹസ്യം ചോദിക്കലിന്, "യാ " എന്ന് അടക്കിയ ശബ്ദത്തിൽ പറഞ്ഞിട്ട് ചിരിയടക്കി ആ കുസൃതികുടുക്ക പമ്മി ഇരുന്നു. അവളെവിടെ എന്ന് എന്റെ കണ്ണുകൾ പരതും മുമ്പേ എനിക്ക് മുന്നിൽ അവൾ. കുട്ടിയുടെ തറയിൽ കിടന്ന ബാഗ്‌ എടുത്തു സ്വന്തം ചുമലിൽ ഇട്ട ശേഷം ചിരിയോടെ എന്റെ മുഖത്തേയ്ക്കു നോക്കി. അവൻ അവിടെയുണ്ട് എന്ന് ഞാൻ കണ്ണാൽ പറഞ്ഞപ്പോൾ ഒന്നുകൂടെ ആ കണ്ണുകൾ തിളങ്ങി. തെളിഞ്ഞ മുഖത്തോടെ , ഹൃദയത്തിൽ നിന്നും നുരഞ്ഞു പൊങ്ങുന്ന ഒരു ചിരിയോടെ അവൾ നേരെ എതിർ വശത്തേയ്ക്ക് തിരിഞ്ഞു അവനെ ഉറക്കെ പേര് ചൊല്ലി വിളിച്ചു തിരയാൻ തുടങ്ങി. സ്നേഹം തുളുമ്പുന്ന അവളുടെ കണ്ണുകളിൽ മാതൃത്വതിലും മീതെ എന്തോ ഞാൻ കണ്ട പോലെ.
ഒളിച്ചിരുന്ന കുട്ടി അതാ ഓടി വന്നു അവളുടെ പുറത്തേയ്ക്ക് ചാടി കയറി , അവൾ ആ കുട്ടിയേയും കൊണ്ടു വട്ടം ചുറ്റുന്നതു ഒന്നുകൂടെ തിരിഞ്ഞു നോക്കി കൊണ്ടു ഞാൻ നടന്നകന്നു.
വീടെത്തിയിട്ടും ഇവർ രണ്ടുപേരും എന്റെ മനസ്സിൽ ഒളിച്ചു കളിക്കുന്നു .. എന്താകും അവരുടെ സ്നേഹബന്ധം വർഷങ്ങൾക്കപ്പുറം എന്ന ചിന്തയും .. വേരറ്റു പോയേക്കാം .. ചിലര്ക്ക് അവരുടെ ജോലിയ്ക്കുള്ള കൂലിയ്ക്കു മീതെ കൊടുക്കാൻ ഇന്ന് ഈ ലോകത്തിനു ഇടമില്ല ..
എൻ . എൻ . കക്കാട് ന്റെ വരികൾക്കൊപ്പം ഒരു നോവ് മനസ്സിൽ, എന്തിനെന്നറിയാതെ ..
"കാലമിനിയുമുരുളും
വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം"
സ്നേഹപൂർവ്വം ,
പിഗ്മ

Tuesday, January 20, 2015

പൊക്കിൾകൊടി മുറിയ്ക്കാത്തവർ


ഈയിടെ ഒരു അമ്മ എന്നോട് സങ്കടം പറഞ്ഞു, മകനെ കുറിച്ച് .. മരുമകൾ സ്നേഹിക്കാൻ നിന്ന് തരാത്തതിനെ കുറിച്ച്.. പടികളിൽ മുന്നിലും പിന്നിലും ആയിരുന്നു മരുമകളുടെ മുടി ചീകി കൊടുക്കുന്നത് സ്വപ്നം കാണുമായിരുന്നത്രേ ആ അമ്മ. അമ്മയുടെ സാരിത്തുമ്പിൽ കൈതുടച്ച് അമ്മയുടെ കവിളിൽ പിച്ചി, മുടി പിടിച്ചു വലിച്ചു കൊഞ്ചിച്ചിരുന്ന മകൻ വിവാഹശേഷം ആ അമ്മയോട് ഈ വക കളിചിരികൾ ഒന്നും ഇല്ല എന്ന്.. ഇങ്ങനെ കുറെ വിഷമങ്ങൾ കണ്ണീർ വറ്റിയ കണ്ണുകളോടെ ആ അമ്മ എന്നോട് പറഞ്ഞു.
ഇതൊക്കെ കേട്ട് ഞാൻ എന്ത് പറയാൻ ആണ്.. ഞാൻ ഒരു മകളും മരുമകളും ആണ്.. ഒരു അമ്മയും ആണ് .. പക്ഷെ എന്റെ മകന് പത്തു തികയുന്നതേ ഉള്ളൂ .. എന്നാലും ചിലത് ഞാൻ പറഞ്ഞു.
ഒന്നാമത്, ഈ ലോകത്ത് അമ്മ അമ്മയും മകൾ മകളും ആണ്. മരുമകൾ മകളോ അമ്മായിഅമ്മ അമ്മയോ ആകില്ല നൂറു ശതമാനം. അങ്ങനെ ആക്കാം എന്ന് മോഹിക്കുന്നത് തന്നെ തെറ്റ്.
രണ്ടാമത്, അമ്മമാർ രണ്ടു വട്ടം പൊക്കിൾകൊടി മുറിക്കേണ്ടതുണ്ട് .. ജന്മം നൽകുമ്പോൾ ബാഹ്യമായും പിന്നീട് മക്കൾ വളർന്നു വരുമ്പോൾ മാനസികമായും. അത് ചെയ്തെ തീരൂ. പൊക്കിൾകൊടി മുറിക്കാൻ ഉള്ളതാണ് .. കുഞ്ഞിനു ശ്വസിക്കാൻ.. വളരാൻ .. അമ്മയ്ക്ക് സ്വതന്ത്രയാകാൻ. രണ്ടു പേരുടെയും നന്മയ്ക്കു പ്രകൃതി ഒരുക്കിയ നിയമം ആണ് അത്. അത് പോലെ തന്നെയാണ് മനസ്സിലെ പൊക്കിൾകൊടിയും. അച്ഛനും അമ്മയും അത് മുറിച്ചു തന്നെ തീരണം. മകനോ മകളോ പൂർണമായും മറ്റൊരു വ്യക്തി ആണ്. അവരുടെ ജീവിതം അവരുടെതും. വിവാഹം കഴിഞ്ഞാൽ മക്കൾ കഴിവതും വേറെ തന്നെ താമസം തുടങ്ങണം. കുടുംബം അവിടെ രണ്ടാകുകയല്ല, മറിച്ചു വളരുകയാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. ബന്ധങ്ങൾ ഉറയ്ക്കുകയെ ഉള്ളൂ.. സ്നേഹം വളരുകയെ ഉള്ളൂ ഈ മാറിനില്പ്പിലൂടെ.
ഹൃദയത്തിൽ നിറഞ്ഞ സ്നേഹത്തോടെ വളര്ത്തുന്ന മക്കൾ വളർന്നാൽ ആരും അല്ലാതെ ആകുന്നു എന്നല്ല ഇതിനർഥം. എല്ലാം ഒരു വിശ്വാസം ആണ്. മാറ്റങ്ങൾ അനിവാര്യവും. പിന്നെ സ്നേഹം ഒരു ബന്ധനം ആകാതെ ജീവിക്കണം എനിക്ക് ..
ആദിക്ക് ഈ മാസം പത്തു വയസ്സ് തികയും. ഇപ്പോഴേ മുറിക്കണ്ട അല്ലെ ഈ പറഞ്ഞ കൊടി.

Monday, January 12, 2015

കാറ്റത്ത്‌ ..


എന്റെ ഉള്ളിലെ ഏതു വികാരവും ആളികത്തിക്കാനാകും കാറ്റിനു എന്ന് തോന്നാറുണ്ട്. സന്തോഷത്തിന്റെ പാരമ്യതയിൽ എത്തിച്ച കാറ്റ് തന്നെ എന്നിലെ ദുഃഖം ആളിപടർത്തി അതെന്നിൽ നിന്നും അടർത്തി മാറ്റി പറന്നകന്നിട്ടുമുണ്ട്, മനസ്സിൽ സമാധാനം, ശാന്തി ബാക്കി വെച്ച് കൊണ്ട് ..
കാറ്റിനോടുള്ള ഈ ഭ്രമം പണ്ടെങ്ങോ തുടങ്ങിയതാണ്. വളരെ ചെറുപ്പത്തിൽ രാമേശ്വരത്ത് പോയപ്പോൾ .. തിരുപ്പതി ദേവസ്വം വക ഒരു ഗസ്റ്റ് ഹൌസിൽ ആയിരുന്നു താമസം.. ആ കെട്ടിടം തുടങ്ങിയിട്ടേയുള്ളൂ എന്നാണു ഓർമ, പുതുമണം .. മുറ്റത്തിന് കമ്പിവേലി.. വേലിക്കപ്പുറം സാക്ഷാൽ കടൽ.. അന്നത് കണ്ടു അതിശയവും തുള്ളിചാട്ടവും. താഴത്തെ നിലയിലെ വരാന്തയിലൂടെ കാറ്റിനെതിരായി ഓട്ടം .. മുഖത്ത് ആഞ്ഞടിക്കുന്ന കാറ്റിനോട് വാശി .. ആവേശത്തോടെ വീണ്ടും .. പറക്കുന്ന പ്രതീതി .. ഒരു എട്ടു വയസ്സുകാരിയുടെ ഈ വാശി കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം മാരുതൻ.
സ്കൂൾവാനിൽ ഇരുന്നു കാറ്റിനെ കൈ നീട്ടി തൊട്ടു നോക്കുന്ന ശീലം ഇന്നും മാറിയിട്ടില്ല .. പിന്നീട് ഒരു അമ്മയായപ്പോൾ ആദിയെ കൊണ്ട് ഞാൻ കാറ്റിനു മുത്തം കൊടുപ്പിക്കുമായിരുന്നു .. "കാറ്റേ ഉമ്മാ " എന്ന് പറഞ്ഞു കുഞ്ഞി കൈ നീട്ടുന്ന ആദിയിൽ ഞാൻ എന്നെ തന്നെയല്ലേ കണ്ടത് .. അന്നത്തെ കാറ്റിനു വാത്സല്യം.
പനി വരുമ്പോൾ ഒക്കെ ഒരു വിചിത്ര സ്വപ്നം കാണുമായിരുന്നു .. ശരീരത്തിന് ഭാരം കുറഞ്ഞു കുറഞ്ഞു പൊങ്ങി പറക്കുന്ന ഞാൻ. ഒന്ന് ചാടിയാൽ നിലത്തു നിന്നും എന്റെ നിയന്ത്രണത്തിൽ എനിക്ക് പാറി നടക്കാം .. എത്രയോ തവണ ഇത് കണ്ടിരിക്കുന്നു .. സുഖമുള്ള സ്വപ്നം, സത്യം പറഞ്ഞാൽ അത് സ്വപ്നം ആണോ അതോ ഞാൻ ശെരിക്കും പടിഞ്ഞാറേ മുറ്റത്തു പറന്നു പൊങ്ങി ഓടിനു മുകളിൽ എത്തി ചീലാന്തി ഇലകളിൽ കാലു കൊണ്ട് തൊട്ടിട്ടില്ലേ എന്ന് എനിക്ക് ഇപ്പോഴും സംശയം ബാക്കി..
പതിനഞ്ചു വയസ്സുള്ളപ്പോൾ ആകണം ഒരിക്കൽ ദൈവത്തെ അനുഭവിച്ചത്, കാറ്റിലൂടെ, കാറ്റ് കൊണ്ട് വന്നു കവിളത്തടിച്ച മഴതുള്ളികളിലൂടെ, ആ തണുപ്പിലൂടെ .. അന്നൊരു സന്ധ്യക്ക് കുന്നുംപാറ ക്ഷേത്രത്തിൽ പോയതാണ്.. തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രം ഒന്ന് കാണേണ്ടതാണ് .. പ്രകൃതിയിൽ ഈശ്വരൻ തുളുമ്പി നില്ക്കുന്ന ഒരിടം .. സുബ്രഹ്മണ്യൻ ആണ് പ്രതിഷ്ഠ .. ദീപാരാധന നേരം, ദീപവുമായി ഗണപതി ഗൃഹത്തിൽ കയറിയ പൂജകനു പിന്നാലെ ഞാനും ഗണപതിക്കരികിലേക്ക് ..
തൊഴുതു നിൽക്കുമ്പോൾ ചരിഞ്ഞു വീശിയ കാറ്റിലൂടെ മഴത്തുള്ളികൾ മുഖത്തേയ്ക്കു .. ഒപ്പം ഹൃദയത്തിലേക്കോ ആത്മാവിലേക്കോ എന്നറിയാതെ ഇരച്ചു കയറിയ ഈശ്വരൻ, എന്നിൽ നിറഞ്ഞ ഒരുതരം സ്നേഹം സന്തോഷം , വിവരിക്കാനാകില്ല അത് .. അന്നായിരിക്കുമോ ഞാൻ കാറ്റിനെ പ്രണയിച്ചു തുടങ്ങിയത് ..
ആ കാലത്ത് കന്യാകുമാരിയിൽ പോയിരുന്നത് ഓർത്തു പോകുന്നു. കടലിൽ കുളി, തല നിറയെ കനകാംബരം, കണംകാലിൽ ഉലയുന്ന പട്ടുപാവാട, വഴിവക്കത്തു നിന്ന് വാങ്ങുന്ന പലതരം മണ്ണും കടൽ പെൻസിലും, ദേവിയുടെ മൂക്കുത്തി .. .. ഇതൊക്കെയും സുഖകരമായ ഓർമ്മകൾ തന്നെ. പക്ഷെ അതിലേറെ എന്നെ ആകർഷിച്ചത് മറ്റൊന്നാണ്... അന്ന് കേരള ഹൌസിൽ ആയിരുന്നു താമസം.. സൂര്യോദയം കാണുന്ന മട്ടുപ്പാവ് .. അവിടെ രാത്രി കയറിപോകും.. ആരും ഉണ്ടാകില്ല.. അപാരമായ കാറ്റ് മാത്രം. അന്ന് titanic സിനിമ ഇറങ്ങിയിട്ടില്ല .. പക്ഷെ അത് പോലെ കൈ വിടർത്തി കാറ്റിനെ പുണരും .. അന്നവിടെ കാറ്റിനു ശ്രിന്ഗാരമോ ലജ്ജയോ പ്രണയമോ എന്തെല്ലാമോ ആയിരുന്നു.. പിന്നീട് കണ്ടു കൂട്ടിയ ദിവാസ്വപ്നങ്ങൾക്കൊക്കെ ഈ ഒരു പശ്ചാത്തലം ഒരുക്കാൻ മനസ്സ് മറന്നില്ല .
സ്കൂൾ കാലത്ത് റോഡിലൂടെ പോകുമ്പോൾ അരപാവട കാറ്റടിച്ചു പൊങ്ങാതെയ് പെട്ട പാട് .. "ഈ കാറ്റ്" എന്നല്പ്പം ദേഷ്യത്തോടെ ശകാരിച്ചു എങ്കിൽ , സ്കൂൾ ഗ്രൗണ്ടിൽ drill സമയത്ത് കാറ്റിൽ പാവാടകൾ പൊങ്ങുന്നത് ഒരു ആഘോഷമായിരുന്നു ..
മൂന്നാം നിലയിലെ ജനാലയിലൂടെ തെങ്ങുകൾ ആടി ഉലയുന്നത് കാണുമ്പോൾ , കാറ്റിന്റെ ചൂളം വിളി കേൾക്കുമ്പോൾ കാറ്റ് വരുത്തിയ കെടുതികൾ ഈയിടെ കണ്ടപ്പോൾ, മനസ്സിൽ ഒരു പേടി .
പാണ്ഡവരിൽ വായുപുത്രനോടുള്ള പ്രത്യേക സ്നേഹം , "രണ്ടാമൂഴം" വായിക്കുന്നതിനു മുമ്പും ഉണ്ടായിരുന്നോ എന്ന് തീർത്തു പറയാൻ ആവുന്നില്ല , എന്തെന്നാൽ ഇപ്പോൾ ആ ഭീമനേ മനസ്സിൽ ഉള്ളൂ .. കാറ്റിൽ ആശ്വാസം കണ്ടെത്തിയിരുന്ന വീരൻ .