എന്നെ വീട്ടുജോലികളിൽ സഹായിക്കുന്ന ശാന്ത ഏകദേശം പത്തു കൊല്ലം ആയി എന്നും വന്നു പോകുന്നു ഇവിടെ. പെട്ടെന്ന് എനിക്കോർക്കാൻ പറ്റുന്നില്ല, അവൾക്കു ഞാൻ എത്രയാ ശമ്പളം കൊടുക്കുന്നത് എന്ന് .. പണമിടപാടുകൾ, അത് വലുതായാലും ചെറുതായാലും ഞാൻ careless ആണ് .. അത് കൊണ്ട് ഈ മറവി ഒരൽപം എനിക്ക് അതിശയമായി തോന്നിയെങ്കിലും അത്ര കാര്യമാക്കിയില്ല.
പക്ഷെ മിനഞാന്നു വൈകുന്നേരം! അവിയലിന് കഷണങ്ങൾ വേവിക്കാൻ വെച്ചിട്ട്, ചിരകിയ തേങ്ങ മിക്സി ബൌളിൽ ഇട്ട ശേഷം, ഉപ്പു, മഞ്ഞൾ പൊടി,പച്ചമുളക്, വെളുത്തുള്ളി, എന്നിവ ചേർത്ത് .. ജീരകം എടുക്കാൻ ആയി ഷെൽഫിലേക്ക് കൈ നീട്ടിയപ്പോൾ ഒരു സംശയം .. അവിയലിൽ ജീരകം ചേർക്കുമോ? എത്ര ശ്രമിച്ചിട്ടും ഓർക്കാൻ ആയില്ല.. ഏതായാലും തലക്കാലം ജീരകം ചേർത്ത് അരച്ചു.. അവിയലിന് സ്വാദ് എന്നത്തേയും പോലെ തന്നെ. എന്നാലും മനസ്സിൽ ആ ജീരകം ഒരു ചോദ്യമായും അങ്കലാപ്പായും നില്ക്കുന്നു.. എനിക്കെങ്ങനെ ഇതൊക്കെ മറക്കാൻ കഴിയുന്നു .. ഇനി ഓർമ്മകൾ ഉറങ്ങുന്ന തലച്ചോറിലെ കോശങ്ങൾ ദ്രവിക്കാൻ തുടങ്ങിയോ.
ഇന്നലെ ഉച്ചയ്ക്ക് ഞാൻ ചിക്കൻ കറി ഉണ്ടാക്കിയ ശേഷം മോനോട് ചോദിച്ചു, നിനക്ക് ചോറ് വേണോ അതോ ചപ്പാത്തിയോ? ഇത് കേട്ട് കെട്ട്യോൻ എന്നെ ഒന്ന് നോക്കി.. എന്തിനാണാവോ .. നോക്കുമ്പോൾ ഒരു കിണ്ണത്തിൽ കറി ഇരിക്കുന്നു touchings ആയി .. ഉടനെ ഞാൻ ആരാഞ്ഞു.. ഇന്നത്തെ ചിക്കൻ കറി യ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ഇല്ലേ ? ഞാൻ വേറെ രീതിയിലാ വെച്ചത് .. എപ്പടി, കൊള്ളാമോ ? എന്നെ ഒന്ന് കൂടി നോക്കിയിട്ട് ചോദിച്ചു, നിനക്ക് ചിക്കനും മട്ടനും കണ്ടാൽ തിരിച്ചറിയില്ലേ? സത്യമായും ഞാൻ ഒന്ന് ഞെട്ടി .. എനിക്കിതു എന്താ ഇപ്പൊ ? ശ്രദ്ധകുറവാണോ അതോ ഇനി എന്തെങ്കിലും .. പെട്ടെന്ന് മനസ്സിൽ ഒരു കത്തൽ.. ഓർമ കൈവിട്ടു പോകുമോ ..
ഈയിടെ ആയി അത്തരം രോഗങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു, ചില സാഹചര്യങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വന്നപ്പോൾ .. അടുത്തയിടയ്ക്ക് ഒരു കൂട്ടുകാരന്റെ അച്ഛന് dementia .. ഓർമ തീരെ ഇല്ല, കൂടാതെ violence ഉം. ആശുപത്രി കിടക്കയിൽ അച്ഛനെ ബലമായി പിടിച്ചു കെട്ടി വെയ്ക്കേണ്ടി വന്നപ്പോൾ അവൻ ഇടറുന്ന ശബ്ദത്തോടെ എന്നോട് പറഞ്ഞു, എന്റെ അച്ഛൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്.
കഴിഞ്ഞ വേനലവധിക്ക് ട്രെയിനിൽ വെച്ച് പാതിരാത്രിനേരം ഒരാൾ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നത് കണ്ടു .. ഞാനും മോനും ഉറങ്ങിയിട്ടില്ലായിരുന്നു. ആദ്യം ഇതെന്താ ഇയ്യാൾ ഇങ്ങനെ എന്ന് തോന്നിയെങ്കിലും പെട്ടെന്ന് എനിക്ക് മനസ്സിലായി ആ നടത്തം കണ്ടപ്പോൾ , ഇത് alzheimer രോഗം ബാധിച്ച ആളാണ്. ഞാൻ ആ അങ്കിൾ നോട് ചോദിച്ചു, എന്താ ഏതാ എന്നൊക്കെ. പാവം റ്റൊഇലെറ്റിൽ പോയി വന്നതാണ്, ഏതാ ബെർത്ത് എന്ന് ഓർമയില്ല.. മകൻ കൂടെ ഉണ്ട്, പേര് മാത്രം പറഞ്ഞു ലിജു എന്നോ മറ്റോ. ഫോണ്‍ നമ്പരോ മറ്റൊന്നുമോ കൈയ്യിൽ ഇല്ല. അസമയത് മറ്റു ബോഗ്ഗികളിലേക്ക് പോയി അന്വേഷിക്കാൻ എനിക്കും ബുദ്ധിമുട്ടുണ്ട്.. ചില ചെറുപ്പക്കാർ ഉണർന്നിരിപ്പുണ്ട്, അതിലൊരാൾ നിഷ്കരുണം അങ്കിൾ നെ ശാസിക്കുന്നു .. കുടിചിട്ടാണോ ഈ പ്രായത്തിൽ, വേറെ ജോലിയില്ലേ എന്നൊക്കെ.. ഞാൻ ഇടപ്പെട്ട് അവരോട് കാര്യം പറഞ്ഞു, സഹായിക്കാൻ ആവശ്യപ്പെട്ടു. ആരും അനങ്ങുന്നില്ല. ട്രെയിൻ attendant നെ ഞാൻ പോയി ഉണർത്തി സഹായിക്കാൻ ആവശ്യപ്പെട്ടു. അവനു ആകെ മടി. അവസാനം അല്പ്പം കയർത്തു സംസാരിച്ചപ്പോൾ അവൻ മനസ്സില്ലാ മനസ്സോടെ എണീറ്റ് വന്നു അങ്കിൾ നെ കൊണ്ട് അടുത്ത ബോഗ്ഗിയിലേക്ക് പോയി. കുറെ കഴിഞ്ഞു തിരിച്ചു വരികയും ചെയ്തു.. ചോദിച്ചപ്പോൾ കൃത്യമായി എന്നോടൊന്നും പറഞ്ഞില്ല. ശെരിക്കും മകന്റെ അടുത്ത് എത്തിച്ചോ അതോ അടുത്ത ബോഗ്ഗിയിലാക്കി ചെക്കൻ തിരിച്ചു വന്നോ എന്നെനിക്കിന്നും അറിയില്ല. അതൊരു ദുഃഖം തന്നെയാണ് മനസ്സിൽ ഇന്നും. ഞാനും 9 വയസ്സുള്ള മോനും മാത്രമാണ് അന്ന് യാത്ര. അസമയത്ത് ഒരുപാട് മാറി ട്രെയിനിൽ തിരക്കി നടക്കാൻ എനിക്കന്നു കഴിഞ്ഞില്ല.
ഇപ്പോൾ ഈ ജീരകവും "കോഴി കറിയും " എന്നെ ഓർമ്മകൾ ഇല്ലാതായാലോ എന്നാ ഒരു ചിന്തയിലേക്ക് എത്തിച്ചു.. ഭയാനകം ആണ് എല്ലാം മറന്നു പോകുന്ന ഒരവസ്ഥ. ഒരിക്കലും ആരെയും ഒന്നിനെയും എനിക്ക് മറക്കണ്ട. മനസ്സിലെ അറകളിൽ ചിലത് മാത്രം ഞാൻ അടച്ചു പൂട്ടി വെച്ചിട്ടുണ്ട്, അത് പോലും മറക്കണം എന്ന് എനിക്കില്ല, അതൊക്കെ ഓർക്കാതിരിക്കാൻ എനിക്കറിയുകയും ചെയ്യാം . ഇനിയും ഓർമ ഒളിച്ചു കളിച്ചാൽ , ഒന്ന് ഡോക്ടറെ കാണും .. അഥവാ എന്തേലും ഉണ്ടെങ്കിൽ , മായും മുമ്പ് മനസ്സിലെ ചെപ്പുകൾ ഒക്കെ എഴുതി തീർക്കണം. ഓർമകളുടെ ഒരു തെയ്യം .. ഒരു ആട്ടകലാശം .. അഥവാ കുഴപ്പം ഒന്നും ഇല്ലെങ്കിൽ, അവയൊക്കെ ഒന്നൂടെ മുറുക്കി അടക്കുകയും വേണം.
എല്ലാവർക്കും തെളിഞ്ഞ ഓർമ്മകൾ നേർന്നു കൊണ്ട്
സ്നേഹപൂർവ്വം പിഗ്മ
സ്നേഹപൂർവ്വം പിഗ്മ
